കൊല്ലം: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ഇടപ്പളളിക്കോട്ടയിലെ സ്ഥലം എൻ.കെ.പ്രേമചന്ദ്രൻ എം.പി. യുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. പ്രദേശത്ത് എച്ച്.പി.സി.എല്ലിന്റെയോ കേന്ദ്ര സർക്കാരിന്റെയോ സംരംഭങ്ങൾ ആരംഭിക്കാനുളള സാദ്ധ്യതാപഠനത്തിന്റെ ആദ്യഘട്ടമായാണ് സന്ദർശനം. തുടർന്ന് കെ.എം.എം.എൽ ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർ വിവിധ സാദ്ധ്യതകൾ സംബന്ധിച്ച് എം.പി യുമായി ചർച്ച നടത്തി. സ്ഥലത്തിന്റെയും പ്രദേശത്തിന്റെയും ഉത്തമതാല്പര്യം മുൻനിർത്തി പ്രദേശവാസികളുടെ തൊഴിൽ സാദ്ധ്യത കൂടി കണക്കിലെടുത്തു കൊണ്ടുളള പദ്ധതിയ്ക്കാവണം പ്രാമുഖ്യം നൽകേണ്ടതെന്ന് എം.പി. ആവശ്യപ്പെട്ടു. എം.പിയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുത്ത് കോർപ്പറേഷന്റെ നയപരിപാടികൾക്കുള്ളിൽ നിന്ന് സാദ്ധ്യതാ റിപ്പോർട്ട് സമർപ്പിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. സന്ദർശനത്തിലും യോഗത്തിലും എം.പി യെ കൂടാതെ എച്ച്.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഭിഷേക് ദത്ത, ജനറൽ മാനേജർ റിയൽ എസ്റ്റേറ്റ് രേഖി സിംഗ്, ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് കുമാർ, ചീഫ് റീജിയണൽ മാനേജർ അംജിത്ത് മുഹമ്മദ്, എൻജിനീയറിംഗ് ഓഫീസർ അഖിൽ.എസ്. കുമാർ എന്നിവരും പങ്കെടുത്തു.