navas
റെയിൽവേ സ്റ്റേഷൻ കാരാളിമുക്ക് റോഡിൽ മാലിന്യം തള്ളിയ നിലയിൽ

ശാസ്താംകോട്ട: കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡിലൂടെയുള്ള യാത്ര പേടിസ്വപ്നമാകുന്നു. റോഡരികിൽ വളർന്നിറങ്ങിയ കാടും മാലിന്യ നിക്ഷേപവും തെരുവുനായ ശല്യവുമാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. ഏറെ നാളായി ഈ അവസ്ഥ തുടർന്നിട്ടും യാതൊരുവിധ പരിഹാരവും ഉണ്ടായിട്ടില്ല. വിഷയത്തിൽ പരാതി പറഞ്ഞ് മടുത്തതോടെ കടുത്ത അമർഷത്തിലാണ് യാത്രക്കാർ.

കുട്ടികളും സ്ത്രീകളും ഉൾപ്പടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഇതുവഴി സഞ്ചരിക്കുന്നത്. അനവധി വാഹനങ്ങളും പാതയെ ആശ്രയിക്കുന്നു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ രാത്രി വന്നിറങ്ങുന്ന യാത്രക്കാർക്ക് പ്രധാനപാതയായ കാരാളിമുക്കിലെത്താനുള്ള ഏക മാർഗവും ഈ റോഡുതന്നെ. എന്നാൽ അധികൃതർ മാത്രം ഇതൊന്നും അറിഞ്ഞഭാവം നടിക്കുന്നില്ല. പാതയുടെ ഇരുവശവും കാടുമൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും ഏറി. കാൽനട യാത്രികർക്കാണ് ഇത് ഏറെ ഭീഷണി സൃഷ്ടിക്കുന്നത്. പല ഭാഗത്തും റോഡ് തകർന്നതും ദുരിതം ഇരട്ടിയാക്കുന്നു. വിഷയത്തിൽ നേരത്തെയും കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഭീഷണിയായി തെരുവ് നായ്ക്കളും മാലിന്യവും
റോഡിന്റെ വശങ്ങളിൽ മാലിന്യ നിക്ഷേപവും രൂക്ഷമായതും മറ്റൊരു പ്രശ്നമാണ്. കഴിഞ്ഞദിവസം വരെ മേഖലയിലെ തെരുവ് വിളക്കുകൾ കത്തുന്നുണ്ടായിരുന്നില്ല. ഇതിന്റെ മറപിടിച്ചാണ് വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം ഇവിടെ വലിച്ചെറിയുന്നത്. ഭക്ഷണാവശിഷ്ടം മുതൽ അറവ് മാലിന്യം വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതിൽ നിന്നുള്ള ദുർഗന്ധം കാരണം മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാനാകുന്നില്ല. മാലിന്യത്തിൽ നിന്ന് ആഹാരം തേടി ഇവിടെ തമ്പടിച്ചിരിക്കുന്ന തെരുവ് നായ്ക്കളാണ് മറ്റൊരു ഭീഷണി. ഇവയെ ഭയന്നുവേണം കാൽനട, ഇരുചക്ര വാഹന യാത്രികർക്ക് സഞ്ചരിക്കാൻ.

.................................................................................

പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച് നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടികൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. തെരുവുനായ്ക്കളെ ഭയന്ന് റോഡിലൂടെ സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന പാതയായ റോഡിന്റെ പല ഭാഗങ്ങളും പൂർണ്ണമായി തകർന്ന നിലയിലാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.

യാത്രക്കാർ

..................................................................................

ടെണ്ടർ വിളിച്ചത് നിരവധി തവണ

റോഡിന്റെ അവസ്ഥയെ കുറിച്ച് മുമ്പ് കേരളകൗമുദിയിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകർ വിഷയത്തിൽ ഇടപ്പെടുകയും നാട്ടുകാരുടെ നേതൃത്വത്തിൽ താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതോടെ നടപടികൾ അവസാനിച്ചു. എന്നാൽ റോഡിന്റെ പുനർനിർമ്മാണത്തിനായി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും നിരവധി തവണ ടെണ്ടർ വിളിച്ചിട്ടും കരാറുകാർ ആരും തന്നെ വർക്ക് ചെയ്യാൻ തയ്യാറാകത്താതാണ് റോഡിന്റെ വികസനത്തിന് തടസമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.