photo
ഉദ്ഘാടനം കാത്ത് കിടക്കുന്ന പുത്തൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം

കൊട്ടാരക്കര: അവസാനവട്ട മിനുക്കുപണികളുൾപ്പടെ പൂർത്തിയാക്കിയിട്ടും പുത്തൂർ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനമാകുന്നില്ല. ഉദ്ഘാടനം വൈകുന്നതിലുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ഓണത്തിന് സ്റ്റേഷൻ ഉദ്ഘാടനം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഓണസമ്മാനമായി പുത്തൂർ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം ഉണ്ടാകുമെന്ന് ജനപ്രതിനിധികൾ പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ കാത്തിരിപ്പ് ഇനിയും നീളുകയാണ്. ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ തീയതി നിശ്ചയിച്ചുകിട്ടുന്നതിലുള്ള കാലതാമസമാണ് ഉദ്ഘാടനം വൈകാൻ കാരണം. പുത്തൂർ പൊലീസ് സ്റ്റേഷൻ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന കിഴക്കേച്ചന്തയിൽ തന്നെയാണ് സ്റ്റേഷന് സ്വന്തം കെട്ടിടം നിർമ്മിച്ചത്. നിലവിൽ പ്രവർത്തിച്ചുവരുന്ന കെട്ടിടങ്ങളും സ്റ്റേഷന് വേണ്ടി തന്നെ ഉപയോഗിക്കാനാകും. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പെയിന്റിംഗ് ഉൾപ്പടെ പൂർത്തിയാക്കിയിട്ടുണ്ട്. ഫർണിച്ചറുകളും വാങ്ങി യഥാസ്ഥാനങ്ങളിൽ ക്രമീകരിച്ചു. സ്പോൺസർഷിപ്പിൽ സാധനങ്ങൾ വാങ്ങേണ്ടെന്ന തീരുമാനം ഫലത്തിൽ നടപ്പാക്കിയിട്ടുമുണ്ട്.

1 നില,

3,400 ചതുരശ്ര അടി വിസ്തീർണം

സി.ഐ അടക്കം 38 പൊലീസ് ഉദ്യോഗസ്ഥർ

സി.ഐ അടക്കം 38 പൊലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഇവിടെ ഉദ്യോഗസ്ഥർക്ക് ഇരിക്കാൻ പോലും മതിയായ സൗകര്യമില്ല. പരാതിക്കാരും ബുദ്ധിമുട്ടുകയാണ്. മതിയായ സൗകര്യങ്ങളോടെ സ്വന്തം കെട്ടിടമുണ്ടാക്കിയപ്പോൾ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഉദ്ഘാടനം അനിശ്ചിതമായി നീളുകയാണ്. ഇനിയും കാത്തിരിപ്പ് നീണ്ടാൽ പ്രതീകാത്മക ഉദ്ഘാടനം നടത്തേണ്ടി വരുമെന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ പറയുന്നു.

ബിവറേജസ് ഔട്ട്ലെറ്റ് മാറ്റും

പൊലീസ് സ്റ്റേഷന് സമീപത്തായി കിഴക്കേച്ചന്തയിൽ പ്രവർത്തിക്കുന്ന സർക്കാർ മദ്യവില്പന ശാല ഉടൻ ഇവിടെ നിന്ന് മാറ്റാനും നീക്കമുണ്ട്. പുല്ലാമലയിലേക്ക് മാറ്റാനാണ് ആലോചന. നിലവിൽ സ്റ്റേഷൻ പരിസരത്ത് മദ്യപാനികളുടെ ശല്യമുണ്ട്. സ്ത്രീകളടക്കം സ്റ്റേഷനിലേക്ക് കടന്നുവരുമ്പോൾ മദ്യപാനികൾ ഇതിന് പരിസരത്ത് ചുറ്റിനടക്കുന്നത് ബുദ്ധിമുട്ടാകുന്നതായി നേരത്തേ പരാതികളുണ്ട്.

95 ലക്ഷം രൂപ

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 95 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേഷൻ കെട്ടിടം നിർമ്മിച്ചത്. 2018 ജനുവരി 28ന് ആയിരുന്നു സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. ആറുമാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും രണ്ട് മാസം മുൻപാണ് പൂർത്തിയായത്. നെടുവത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കിഴക്കേ ചന്തയിലെ 25 സെന്റ് സ്ഥലമാണ് സ്റ്റേഷന് വേണ്ടി വിട്ടുനൽകിയത്. പുത്തൂരിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചപ്പോൾ താൽക്കാലികമായി പ്രവർത്തിക്കാനും ഇവിടെയാണ് സ്ഥലം നൽകിയത്. പിന്നീട് സ്ഥിരം സംവിധാനമാകുന്നതിനായി ഭൂമി ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു.