ചവറ: സ്കൂൾ കലോത്സവങ്ങൾ സമൂഹത്തിന്റേതായി മാറണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലോത്സവങ്ങൾ സമൂഹം ഏറ്റെടുത്താൽ പൂർണമായ വിജയം കൈവരിക്കാൻ കഴിയും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതോടൊപ്പം ഒരു നാടിന്റെ നന്മയും ഒരു സമൂഹത്തിന്റെ ഐക്യത്തെയും കലോത്സവങ്ങൾ സൂചിപ്പിക്കുന്നു . കുട്ടികൾ തമ്മിലുള്ള സൗഹൃദപരമായ മത്സരങ്ങൾ ആയി കലോത്സവങ്ങൾ മാറണം. വിധികർത്താക്കൾ സുതാര്യമായി വിധികൾ പ്രഖ്യാപിക്കുമ്പോൾ അപ്പീലുകൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം ബി. സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖല പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാൻ റിട്ട. ജഡ്ജി ഇ. മൈതീൻകുഞ്ഞ് സമ്മാനദാനം നിർവഹിച്ചു. ജനപ്രതിനിധികളായ ബിന്ദു സണ്ണി, ജെ. അനിൽ, അഹമ്മദ് മൺസൂർ, വരവിള നിസാർ, സംഘാടക സമിതി ജനറൽ കൺവീനർ ടി. സുനു, എ.ഇ.ഒ എൽ. മിനി, പ്രഥമാദ്ധ്യാപിക വി. അജിതകുമാരി, കൺവീനർമാരായ പ്രിൻസി റീന തോമസ് ,ആർ. ഹിതേഷ് ,എസ്. വരുൺലാൽ. എന്നിവർ പ്രസംഗിച്ചു.
പന്മന മനയിൽ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസ് ഓവറാൾ കരസ്ഥമാക്കി. ചവറ ഗവ.എച്ച്.എസ്.എസ് രണ്ടാംസ്ഥാനം കരസ്ഥമാക്കി.