കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിലെ വഴി വിളക്കുകൾ മിഴിയടച്ചിട്ട് നാളുകളേറെയായിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. സന്ധ്യമയങ്ങിയാൽ ഇവിടത്തെ മിക്ക ടൗണുകളും ഇരുട്ടിലാണ്. ഗ്രാമീണരടക്കമുള്ളവർ ഇതുവഴി രാത്രി യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയാണ്. ടൗണിലെ മിക്ക ഹൈമാസ്റ്റ് ലൈറ്റുകളും പണിമുടക്കിയിരിക്കുകയാണ്. ഹൈമാസ്റ്റ് ലൈറ്റുകളുണ്ടെന്ന പേരിൽ സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റുകളിലെ ബൾബുകൾ ഫ്യൂസായാൽ പോലും മാറ്റി സ്ഥാപിക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് എപ്പോൾ കത്തുമെന്നറിയാൻ പാഴൂർ പോകേണ്ട അവസ്ഥയാണ്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലേയും നീലേശ്വരം അമ്മൂമ്മ മുക്കിലേയും ഹൈമാസ്റ്റ് ലൈറ്റുകൾ കത്താതായിട്ട് മാസങ്ങളായി. ഇതിൻന്റെ അറ്റകുറ്റപ്പണി നടത്താനോ ബൾബുകൾ പുന:സ്ഥാപിക്കാനോ
നഗരസഭ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. വൈദ്യുതി ബോർഡോ മറ്റേതെങ്കിലും ഏജൻസിയോ അറ്റകുറ്റപ്പണിക്കായി ഇനിയും മുന്നോട്ടുവന്നിട്ടുമില്ല.
ഇഴജന്തുക്കളും നായ്ക്കളും
റോഡിനിരുവശവും പടർന്നു പന്തലിച്ച് കിടക്കുന്ന കുറ്റിക്കാടുകൾ മൂലം മിക്ക പ്രദേശങ്ങളിലും സന്ധ്യമയങ്ങിയാൽ ഇഴജന്തുക്കളുടെ ശല്യം വ്യാപകമാണ്. യാതൊരു നിയന്ത്രണവുമില്ലാതെ പെരുകിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളുടെ ശല്യവും കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നാലും അഞ്ചും ലക്ഷം രൂപ മുടക്കി സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ ഒരുവർഷം പോലും തികച്ച് പ്രകാശിക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
മാർച്ച് നടത്തും
തെരുവു വിളക്കുകൾ കൃത്യമായി പ്രകാശിപ്പിക്കാത്ത നടപടിക്കെതിരെ നാട്ടുകാർ നഗരസഭയിലെക്കും സമീത്തുള്ള ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലേക്കും മാർച്ചു നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. താലൂക്കു വികസന സമിതി ഉൾപ്പെടെയുള്ള പല വേദികളിലും പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നഗരസഭാ ഓഫീസിലേക്കും ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്താൻ നാട്ടുകാർ തീരുമാനിച്ചത്.