ചെങ്ങന്നൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ മറവിൽ സംസ്ഥാനത്ത് എത്തുന്നവരിൽ അയൽ രാജ്യങ്ങളിൽ നിന്നുള്ള ക്രിമിനലുകളുമുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്ത് വിവരം ലഭിച്ചു. ആധാർകാർഡും തിരിച്ചറിയൽ രേഖകളും വ്യാജമായി നിർമ്മിച്ചാണ് ഇത്തരക്കാർ ജോലിക്ക് എത്തുന്നതത്രേ. രോഹിംഗ്യൻ അഭയാർത്ഥികളും ബംഗ്ളാദേശികളും ഉൾപ്പെടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്നും ഇവരിൽ ചിലർ താവളമാക്കുന്നത് കേരളമാണെന്നും നേരത്തെ തന്നെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സർക്കാരിനും പൊലീസിനും റിപ്പോർട്ട് നൽകിയിരുന്നു.
വെൺമണിയിൽ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ പിടിയിലായത് ബംഗ്ളാദേശ് സ്വദേശികളാണ്. കേസിൽ പ്രതികളായ ലബ്ളുവും ജുവലും കേരളത്തിൽ എത്തുന്നതിന് മുമ്പ് ബംഗ്ളാദേശിൽ നിന്ന് കേരളത്തിലെ സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗ്ളാദേശിൽ നിന്നുള്ള മറ്റുചിലരും കേരളത്തിൽ എത്തിയിട്ടുണ്ട് എന്നതിന്റെ സൂചനയാണിത്. എന്നാൽ, ദിനംപ്രതി എത്തുന്ന നൂറുകണക്കിന് തൊഴിലാളികളുടെ കണക്കെടുക്കാൻ പൊലീസിന് കഴിയുന്നില്ല. ലേബർ കോൺട്രാക്ട് നിയമപ്രകാരം 19 പേരിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രമെ ഇവരുടെ പേര് രജിസ്റ്റർ ചെയ്യേണ്ട ആവശ്യമുള്ളു. അതിനാൽ, 19ൽ താഴെയുള്ള കണക്കുകളെ ലേബർ കോൺട്രാക്ടർമാർ കണക്കിൽ കാണിക്കാറുള്ളുവത്രേ.
പോയി, കാർഡുമായി വന്നു
ഏതാനും നാളുകൾക്ക് മുമ്പ് ചെങ്ങന്നൂരിലെ പ്രമുഖ മൊബൈൽ കമ്പനിയിൽ സിംകാർഡ് വാങ്ങാനെത്തിയ ഒരു തൊഴിലാളിയുടെ വിരലടയാളം മെഷീനിൽ പതിഞ്ഞില്ല. ഇതേതുടർന്ന് മടങ്ങിപ്പോയ തൊഴിലാളി മറ്റൊരു ആധാർ കാർഡുമായി വീണ്ടും കടയിലെത്തി. കടയുടമ ചോദിച്ചപ്പോൾ ഇതാണ് യഥാർത്ഥ രേഖയെന്നായിരുന്നു മറുപടി. എന്നാൽ, ഇതും വ്യാജമാണെന്ന് കണ്ടെത്തിയതോടെ തൊഴിലാളി അവിടെനിന്ന് മുങ്ങി. താലൂക്കിലെ ഒരു തൊഴിൽ ശാലയിൽ ലേബർ ഓഫീസിൽ നിന്ന് പരിശോധനയ്ക്ക് എത്തിയ സമയത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ നിരവധി തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. ഇതേപ്പറ്റി തിരക്കിയപ്പോൾ ഇവിടെനിന്ന് മടങ്ങിപ്പോകുന്നവർ തിരച്ചറിയൽ രേഖകൾ കൊണ്ടുപോകുന്നില്ലെന്നാണ് ഉടമ മറുപടി നൽകിയത്.
വ്യാജ രേഖകൾ ചമച്ച് അയൽ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കണ്ടെത്താനോ നടപടി സ്വീകരിക്കാനോ പൊലീസ് സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് എവിടെയെങ്കിലും കൊലപാതകങ്ങളോ, ആക്രമണങ്ങളോ, മോഷണമോ ഉണ്ടാകുമ്പോൾ മാത്രമാണ് ഇതേക്കുറിച്ച് അന്വേഷിക്കുക.
രേഖകളില്ലാതെ കടക്കും
ബംഗ്ളാദേശ് ഉൾപ്പെടെ അയൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ ജോലി ചെയ്യാൻ താത്കാലിക വിസ അനുവദിക്കാറുണ്ട്. ഇതിന് പാസ്‌പോർട്ടോ വിസയോ വേണമെന്നില്ല. പകരം നൽകുന്നത് വർക്ക് പെർമിറ്റാണ്. ഇങ്ങനെ അതിർത്തി ഗ്രാമങ്ങളിലെത്തുന്ന തൊഴിലാളികൾ മടങ്ങിപ്പോകാതെ അഭയാർത്ഥി ക്യാമ്പുകളിൽ തങ്ങും. പിന്നീട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മുങ്ങും.
റിട്ട. ഡിവൈ.എസ്.പി ആർ.രാജീവ്
നിയമം ഇങ്ങനെ
അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന തൊഴിലാളികളെ പൊലീസ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി ഇവരുടെ ചിത്രം, വിരലടയാളം, കാൽപാദത്തിന്റെ അടയാളം, നാട്ടിലെ മേൽവിലാസം, രണ്ടു ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മേൽവിലാസം, നാട്ടിലെ പൊലീസ് സ്റ്റേഷനിലെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, തൊഴിൽ ദാതാവിന്റെ, കരാറുകാരന്റെ ഫോൺ നമ്പർ, മേൽവിലാസം, വാടക വീടിന്റെ വിലാസം എന്നിവ ശേഖരിക്കണം. തൊഴിലാളികളുടെ പേരുവിവരങ്ങളും ലേബർ കോൺട്രാക്ടർമാരുടെ വിലാസവും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കണം.
പദ്ധതിയുണ്ട്, പക്ഷേ..
സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും വിവരശേഖരണവും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് ആരംഭിച്ച ആവാസ് ഇൻഷ്വറൻസ് പദ്ധതിക്ക് വേണ്ടത്ര പ്രതികരണമില്ല. 2013ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളാണുള്ളത്. ഇതിനുശേഷം ഔദ്യോഗിക വിവരശേഖരണം നടന്നിട്ടില്ല. വർഷംതോറും 2.35 ലക്ഷം തൊഴിലാളികൾ പുതുതായി സംസ്ഥാനത്ത് എത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നിലവിൽ കേരളത്തിൽ മുപ്പത് ലക്ഷത്തിലേറെ കുടിയേറ്റത്തൊഴിലാളികൾ ഉണ്ടെന്നും വിവരമുണ്ട്.പുറം രാജ്യത്ത് നിന്നുള്ളവർക്ക് പദ്ധതിയിൽ അംഗമാകാനോ പ്രത്യേക അനുമതി വാങ്ങാതെ തൊഴിൽ ചെയ്യാനോ നിയമം അനുവദിക്കുന്നില്ല. ഇൻഷ്വറൻസ് പരിരക്ഷ 15,000 രൂപയുടെ ചികിത്സാ സഹായം രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസ് '' പൊലീസിന്റെ സഹകരണം ഉണ്ടെങ്കിലേ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനും സാധിക്കൂ. പലപ്പോഴും പൊലീസിന്റെ ഭാഗത്ത് നിന്ന് സഹകരണം ഉണ്ടാകാറില്ല. ആഴ്ചയിൽ ശരാശരി അറുപത് പേർ മാത്രമാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കുന്നവരും ഇതിനായി മെനക്കെടുന്നില്ല. എസ്. ശ്രീദേവി, അസി. ലേബർ ഓഫീസർ, ചെങ്ങന്നൂർ