c
തെരുവു നായ്ക്കളുടെ ശല്യം:

കൊല്ലം: കൊറ്റങ്കര പഞ്ചായത്ത് പരിധിയിൽ തെരുവു നായ്ക്കളുടെ ശല്യം വ്യാപകമാവുകയാണെന്ന് നാട്ടുകാരുടെ പരാതി. രാപ്പകൽ വ്യത്യാസമില്ലാതെ റോഡ് വക്കിലും പറമ്പുകളിലും കൂട്ടത്തോടെയെത്തുന്ന തെരുവ് നായ്ക്കളുടെ ശല്യം മൂലം യാത്രക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്. പഞ്ചായത്ത് പരിധിയിൽ എ.ബി.സി പദ്ധതി നടപ്പാക്കാത്തതാണ് നായ്‌ക്കളുടെ എണ്ണം പെരുകാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. പലയിടങ്ങളിലും മതിലുകെട്ടി തിരിച്ച പറമ്പുകളാണ് തെരുവ് നായ്ക്കളുടെ വാസസ്ഥലം. തെരുവു നായ്‌ക്കളെ കൊല്ലാൻ നിയമമില്ലാത്തതിനാൽ ദിനംപ്രതി ഇവയുടെ എണ്ണവും ശല്യവും പെരുകുകയാണെന്ന് നാട്ടുകാർ പറയുന്നു. അതേസമയം തെരുവുനായ ശല്യത്തെ കുറിച്ച് പരാതിപ്പെടുന്ന പരിസരവാസികൾ തന്നെ എ.ബി.സി പദ്ധതി നടപ്പാക്കുന്നതിനും എതിർപ്പുമായി എത്തുന്നതാണ് മറ്റൊരു വെല്ലുവിളി.

മഴ കാരണം എ.ബി.സി പ്രൊഗ്രാമിനായുള്ള ഷെഡ്ഡ് കെട്ടാൻ കാലതാമസമുണ്ടായി. തെരുവു നായ്‌ക്കളെ വന്ധ്യംകരിക്കാനുള്ള നടപടികൾ ഉടനുണ്ടാകും.

പഞ്ചായത്ത് സെക്രട്ടറി

എ.ബി.സി പദ്ധതി

കഴിഞ്ഞ വർഷങ്ങളിൽ എ.ബി.സി പദ്ധതി ഫലപ്രദമായി നടത്തിയിരുന്നത് ഇളമ്പള്ളൂർ പഞ്ചായത്തിലായിരുന്നു. ഇത്തവണ കൊറ്റങ്കര പഞ്ചായത്ത് പരിധിയിൽ നിന്ന് പിടികൂടുന്ന തെരുവ് നായ്ക്കളെ ഇളമ്പള്ളൂർ പഞ്ചായത്തിലെത്തിച്ച് വന്ധ്യംകരണം നടത്താൻ അവർ അനുമതി നൽകാത്തതും തിരിച്ചടിയായി. പഞ്ചായത്ത് പരിധിക്കുള്ളിൽ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പണികൾക്കായി റോഡു കുഴിച്ചപ്പോൾ ശക്തമായ മഴ പെയ്യുകയും റോഡിൽ നിന്ന് മെറ്റൽ ഉൾപ്പെടെയുള്ളവ പഞ്ചായത്തിലെ മൃഗാശുപത്രിയുടെ കോമ്പൗണ്ടിലേക്ക് ഒഴുകിയെത്തുകയും ചെയ്തിരുന്നു. അതാണ് എ.ബി.സി പദ്ധതി ആരംഭിക്കുന്നതിൽ കാലതാമസം നേരിടാനുള്ള പ്രധാന കാരണം. മഴ മാറിയതോടെ പദ്ധതിക്കായി ഷെഡ്ഡ് കെട്ടുന്ന താമസം മാത്രമാണ് മുമ്പിലുള്ളത്. ഷെഡ്ഡ് പൂർത്തിയായാൽ ഉടൻ പദ്ധതി ആരംഭിക്കും.