c
ഇത്തിക്കര

കൊല്ലം: ഇത്തിക്കര, കല്ലട ആറുകളിൽ തടയണകൾ നിർമ്മിച്ച് ചെറുകിട ജല വൈദ്യുത പദ്ധതികൾ ആരംഭിക്കാൻ കെ. എസ്. ഇ. ബിയുടെ ആലോചന. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ചോ സ്വകാര്യ പങ്കാളിത്തത്തോടെയോ ആകും പദ്ധതി നടപ്പാക്കുക.

ഇത്തിക്കര ആറിൽ 29 ഇടങ്ങളിൽ തടയണ നിർമ്മിച്ച് പ്രതിവർഷം പത്ത് ദശലക്ഷം യൂണിറ്റ് വൈദ്യുതിയും കല്ലടയാറിൽ 15 ഇടങ്ങളിൽ തടയണ നിർമ്മിച്ച് 3 ദശലക്ഷം യൂണിറ്റും ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. സ്ഥിരമായ ഒഴുക്ക് ഉണ്ടെങ്കിലേ ഇത്രയധികം വൈദ്യുതി ലഭിക്കുകയുള്ളു. ഒഴുക്ക് കുറയുകയാണെങ്കിൽ ഉല്പാദനവും സ്വാഭാവികമായി കുറയും. ഡാം നിർമ്മിക്കാത്തതിനാൽ ജലം സംഭരിച്ച് നിർത്താൻ കഴിയില്ല. ചെറിയ വെള്ളച്ചാട്ടങ്ങളും ഇറക്കങ്ങളും ഉള്ള സ്ഥലങ്ങളിലാകും തടയണ നിർമ്മിച്ച് ടർബൈനുകൾ സ്ഥാപിക്കുക. ഇത്തിക്കരയാറ്റിലെ പദ്ധതിക്ക് ഏകദേശം 37 കോടിയും കല്ലടയാറ്റിലേതിന് 13 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ ഡാം സേഫ്റ്റി ആൻഡ് ഡി.ആർ.പി കൺസൾട്ടൻസി വിഭാഗമാണ് രണ്ട് ജലാശയങ്ങളിലും സാദ്ധ്യതാ പഠനം നടത്തിയത്. സംരംഭകർ മുന്നോട്ട് വന്നാൽ ഉടൻ തന്നെ വിശദ രൂപരേഖ തയ്യാറാക്കും. സംസ്ഥാന സർക്കാർ ഏജൻസിയായ എനർജി മാനേജ്മെന്റ് സെന്റർ പദ്ധതി നടപ്പാക്കാനുള്ള സാങ്കേതിക സഹായം നൽകും. തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി ഏറ്റെടുക്കുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കും. സ്വകാര്യ വ്യവസായ യൂണിറ്റുകൾ പദ്ധതി ഏറ്റെടുക്കുകയാണെങ്കിൽ ആവശ്യമുള്ള വൈദ്യുതി ഉപയോഗിച്ച ശേഷം അധികമുള്ളത് കെ.എസ്.ഇ.ബിക്ക് കൈമാറാം.

" തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യസംരംഭകരുടെയും നിയന്ത്രണത്തിലുള്ള പദ്ധതികളിലൂടെ സംസ്ഥാനത്ത് നിലവിൽ പ്രതിവർഷം 70 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം ലാഭകരമാണ്.''

ജി. അനിൽ (ഹൈഡ്രോ കൺസൾട്ടന്റ്, കേരള എനർജി മാനേജ്മെന്റ് സെന്റർ)

 സാദ്ധ്യത

ഇത്തിക്കരയാറ്

തടണകൾ 29

നിർമ്മാണം: 37 കോടി

വൈദ്യുതി: 10 ദശലക്ഷം യൂണിറ്റ് (പ്രതിവർഷം)

കല്ലടയാറ്

തടയണകൾ: 15
നിർമ്മാണം: 13 കോടി

വൈദ്യുതി : 3 ദശലക്ഷം യൂണിറ്റ് (പ്രതിവർഷം)