പുനലൂർ: പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്ന് കൊട്ടാരക്കര ഡിപ്പോയിലേക്ക് മാറ്റിയ സൂപ്പർ ഫാസ്റ്റ് ബസ് പുനലൂരിൽ തിരിച്ചെത്തി. ബസ് തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ തിങ്കളാഴ്ച രാത്രി 8 മണിയോടെ പുനലൂർ എ.ടി ഓഫിസ് ഒന്നരമണിക്കൂറോളം ഉപരോധിച്ചിരുന്നു. ഇതേ തുടർന്നാണ് ബുധനാഴ്ച രാത്രിയോടെ ബസ് പുനലൂർ ഡിപ്പോയിൽ തിരികെ എത്തിച്ചത്.
സമരക്കാരും ഉദ്യോഗസ്ഥരും പൊലീസും തമ്മിൽ നടത്തിയ ചർച്ചയിൽ കൊട്ടാരക്കരയിൽ നിന്ന് കോഴിക്കോട്ട് സർവീസിന് പോയ ബസ് മടങ്ങി വരുമ്പോൾ പുനലൂരിൽ എത്തിക്കാം എന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. പുനലൂരിന് അനുവദിച്ച ഏക സൂപ്പർ ഫാസ്റ്റ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്നു. ഇതിനിടെ സർവീസുകൾ ക്രമികരിച്ചപ്പോൾ ഇതിന് റൂട്ട് നഷ്ടപ്പെട്ടു. പിന്നീട് ഡിപ്പോയിൽ സൂക്ഷിച്ചിരുന്ന ബസാണ് അധികൃതർ തിങ്കളാഴ്ച കൊട്ടാരക്കര ഡിപ്പോയ്ക്ക് കൈമാറിയത്. ഇതിനെ തുടർന്നായിരുന്നു എ.ഐ.വൈ.എഫ് പ്രതിഷേധം. ബസ് ഉടൻ തന്നെ പുനലൂരിൽ നിന്നും പമ്പയിലേക്കു സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.