fathima

കൊല്ലം: ചെന്നൈ ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥിനി കിളികൊല്ലൂർ രണ്ടാംകുറ്റി കീലോന്തറയിൽ അബ്ദുൾ ലത്തീഫിന്റെ മകൾ ഫാത്തിമ ലത്തീഫ് (18) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം തമിഴ്നാട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ആരോപണ വിധേയനായ അദ്ധ്യാപകനെ ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഒന്നര മണിക്കൂറിനുശേഷം വിട്ടയച്ചു. കോട്ടൂർപുരം ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് രക്ഷാകർത്താക്കൾ തമിഴ്നാട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതിനെ തുടർന്നാണ് ബുധനാഴ്ച വൈകിട്ടോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.


ഇന്നലെ ഐ.ഐ.ടിയിൽ എത്തിയ ക്രൈം ബ്രാഞ്ച് സംഘം 15 അദ്ധ്യാപകരുടെയും നിരവധി വിദ്യാർത്ഥികളുടെയും മൊഴിയെടുത്തു. ഫാത്തിമയുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. എന്നാൽ, ആത്മഹത്യയുടെ കാരണത്തെക്കുറിച്ചുള്ള കുറിപ്പുകളടങ്ങിയ മൊബൈൽ ഫോൺ പരിശോധിച്ചിട്ടില്ല. തെളിവുകൾ നശിപ്പിക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ തങ്ങളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ഫോൺ പരിശോധിക്കാവൂ എന്ന് ഫാത്തിമയുടെ രക്ഷാകർത്താക്കൾ തമിഴ്നാട് ഡി.ജി.പിക്ക് കത്ത് നൽകിയിട്ടുണ്ട്. ഐ.ടി വിദഗ്ധന്റെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും കത്തിലുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് മറ്റെന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും രക്ഷാകർത്താക്കൾ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ മദ്രാസ് ഐ.ഐ.ടിയിൽ നടന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ വിശദ അന്വേഷണവും തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെടും. മാനവിക വിഷയമായ ഹ്യുമാനിറ്റീസ് ആൻഡ് ഡവലപ്പ്‌‌മെന്റ് സ്‌റ്റഡീസിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ചെന്നൈ ഐ.ഐ.ടിയിൽ പ്രവേശനം നേടിയത്. അടുത്തിടെ ഇന്റേണൽ പരീക്ഷയിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ മാർക്ക് ബോധപൂർവ്വം കുറച്ചത് ഫാത്തിമ ഇ മെയിലിലൂടെ ചോദ്യം ചെയ്‌തിരുന്നു. ഈ അദ്ധ്യാപകനെക്കുറിച്ച് ഫോൺ വിളിക്കുമ്പോൾ അമ്മയോട് പലതവണ പരാതിപ്പെട്ടിട്ടുണ്ട്.

 മരണകാരണം പുറംലോകമറിയണമെന്ന്

ഫാത്തിമ ആഗ്രഹിച്ചിരുന്നു
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ ബന്ധുക്കൾ ഫാത്തിമയുടെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് സൂചന നൽകുന്ന കുറിപ്പ് കണ്ടെത്തി. ഐ.ഐ.ടിയിലെ ഒരു അദ്ധ്യാപകന്റെ പേര് പരാമർശിക്കുന്ന ഈ കുറിപ്പ് ശനിയാഴ്ച പുലർച്ചെ 4.45നാണ് എഴുതിയിരുന്നത്. ഐ.ഐ.ടി വളപ്പിൽ തന്നെയുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഈ അദ്ധ്യാപകൻ ഇപ്പോൾ ഒളിവിലാണ്. ആത്മഹത്യയുടെ കാരണം പുറംലോകം അറിയണമെന്ന് ഫാത്തിമ ആഗ്രഹിച്ചതിനാൽ ഫോണിലെ ലോക്ക് സംവിധാനം മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ ഫോൺ ഓണാക്കുമ്പോൾ തന്നെ കാണാൻ കഴിയുന്ന തരത്തിൽ അദ്ധ്യാപകന് നേരെ വിരൽ ചൂണ്ടുന്ന പരാമർശം സ്ക്രീൻ സേവറായി തന്നെ ഇട്ടിരിക്കുകയായിരുന്നു.

 നീലസാരി ധരിച്ച സ്ത്രീ ?

ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാത്രി 9.30ന് മെസിലിരുന്ന് കരഞ്ഞ ഫാത്തിമയെ നീലസാരി ധരിച്ച മൂക്കുത്തിയിട്ട സ്ത്രീ ആശ്വസിപ്പിക്കുന്നത് കണ്ടതായി മെസിലെ ജീവനക്കാർ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. ഫാത്തിമ ഏറെനേരം അവരുമായി സംസാരിക്കുകയും ചെയ്തു. ഈ സ്ത്രീയെ ചോദ്യം ചെയ്താൽ ആത്മഹത്യയുടെ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. സാധാരണ എല്ലാ ദിവസവും രാത്രി എട്ട് മണിയോടെ ഫാത്തിമ മെസിൽ നിന്ന് മടങ്ങും. വെള്ളിയാഴ്ച അസ്വാഭാവികമായി എന്തോ സംഭവിച്ചത് കൊണ്ടാകും മെസിൽ രാത്രി വൈകിയും ഇരുന്നതെന്നാണ് ബന്ധുക്കളുടെ സംശയം.