കൊല്ലം: ശബരിമല സുപ്രീം കോടതി വിധി വിശ്വാസി സമൂഹത്തിന് ആശ്വാസകരമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. അഞ്ചംഗ ബഞ്ചിന്റെ വിധിന്യായത്തിന്റെ ഭരണഘടനാ സാധ്യത പരിശോധിക്കുവാൻ സുപ്രീം കോടതി ഏഴംഗ ബഞ്ചിന് വിട്ടത് സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണ്. വിശ്വാസി സമൂഹത്തിന്റെ വികാരവും ഭരണഘടനാപരമായ ഉത്തരവാദിത്വവും മാനിച്ച് ഒരു പുനഃപരിശോധനാ ഹർജി നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നില്ല. അഞ്ചംഗ ബഞ്ചിന്റെ വിധി അന്തിമമാണെന്നും എന്തുവിലകൊടുത്തും നടപ്പാക്കുമെന്നും ധിക്കാരപരമായ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് സുപ്രീം കോടതി വിധി വെളിപ്പെടുത്തുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിൽ പുനഃപരിശോധനാ ഹർജി നൽകാത്ത സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിശ്വാസികളോട് മാപ്പുപറയണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.