ആരോഗ്യ സംരക്ഷണ സന്ദേശവുമായി കൂട്ടനടത്തം
കൊല്ലം: ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായ പരിപാടിയിൽ നടത്തിയ കൂട്ടയോട്ടത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നേതൃത്വം നൽകി.
കന്റോൺമെന്റ് മൈതാനിയിൽ തുടങ്ങിയ കൂട്ടനടത്തം സിറ്റി പൊലിസ് കമ്മിഷണർ പി. കെ മധു ഫ്ളാഗ് ഓഫ് ചെയ്തു. നഴ്സിംഗ് കോളേജ് വിദ്യാർഥികൾ, ആരോഗ്യവകുപ്പ് ദേശീയ ആരോഗ്യദൗത്യം ജീവനക്കാർ, സ്പോർട്സ് കൗൺസിൽ വിദ്യാർഥികൾ, ആശാ പ്രവർത്തകർ, സന്നദ്ധസംഘടനകൾ തുടങ്ങിയവരാണ് പങ്കെടുത്തത്. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സമാപനം. 'കുടുംബവും പ്രമേഹവും' എന്ന വിഷയം ആസ്പദമാക്കിയാണ് ഇത്തവണത്തെ പ്രമേഹദിനാചരണം. 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം ' ആണ് പ്രമേഹദിന സന്ദേശം.
പ്രമേഹ ദിനപരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നിർവഹിച്ചു. സുരക്ഷിത ഭക്ഷണശീലങ്ങളിലേക്ക് സമൂഹം മാറി ചിന്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ഡി. എം. ഒ ഡോ. സി. ആർ ജയശങ്കർ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആർ ഹരികുമാർ സന്ദേശം നൽകി. ഡെപ്യൂട്ടി ഡി. എം. ഒ ഡോ. ആർ. സന്ധ്യ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ആർദ്രം നോഡൽ ഓഫീസർ ഡോ. ജെ മണികണ്ഠൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത ദാസ്, ആർ. സി. എച്ച് ഓഫീസർ ഡോ. കൃഷ്ണവേണി തുടങ്ങിയവർ പങ്കെടുത്തു.
പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കാക്കാരിശ്ശി നാടകവും അരങ്ങേറി. രോഗത്തിനെതിരെ സ്വീകരിക്കണ്ട മുൻകരുതലുകൾ സന്ദശമാക്കിയ നാടകമാണ് ബസ് സ്റ്റാൻഡ് പരിസരത്ത് അരങ്ങേറിയത്. കുട്ടികൾ വരെ പ്രമേഹത്തിന്റെ പിടിയിലാകുന്നതും അതിന്റെ അനന്തരഫലങ്ങളും സരസമായി അവതരിപ്പിച്ച നാടകം കൗതുകമായി.
ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് ചാത്തന്നൂർ, ഇരവിപുരം, പെരുമൺ, ചടയമംഗലം, വിളക്കുടി, വെളിയം, കെ എസ് പുരം, ഇളമ്പള്ളൂർ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ റെറ്റിനോപ്പതി ക്യാമ്പ് സംഘടിപ്പിച്ചു.