കൊല്ലം: ചാച്ചാജിയുടെ വേഷത്തിലെത്തിയ കുരുന്നുകളും വ്യത്യസ്ത വേഷപ്പകർച്ചയിൽ എത്തിയ സ്കൂൾ വിദ്യാർഥികളും നഗരത്തെ കുട്ടിക്കാലത്തിലേക്ക് തിരികെ കൊണ്ടു പോയി. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിനറാലിയിലാണ് വർണ്ണക്കാഴ്ചകൾ ഉൾപ്പടെ നിരന്നത്.
ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ടി. ഷീല ശിശുദിന റാലി ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രസിഡന്റായ വിമലഹൃദയ ഗേൾസ് ഹൈസ്കൂളിലെ ആഗ്നസ് അന്ന ബിബിനും പ്രധാനമന്ത്രിയായ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ ഐറിഷ് ടോമിയും സ്പീക്കറായ ചിറ്റൂർ ഗവ. എൽ. പി സ്കൂളിലെ എസ്. ദിവ്യയും ശിശുദിന റാലിക്ക് നേതൃത്വം നൽകി.
തുടർന്ന് തേവള്ളി ബോയ്സ് ഹൈസ്കൂളിൽ നടന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ കുട്ടികൾക്കെതിരെയുള്ള ചൂഷണം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു.
ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ വിദ്യാലയങ്ങളിൽ നടത്തിയ മത്സരങ്ങളുടെ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ശിശുദിന സ്റ്റാമ്പ് പ്രകാശനം സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം സി. ജെ ആന്റണി നിർവഹിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ആർ. സന്തോഷ്, ട്രഷറർ അഡ്വ പി.സജി തുടങ്ങിയവർ പങ്കെടുത്തു. ബാലികാമറിയം എൽ. പി സ്കൂൾ വിദ്യാർത്ഥി സാദിയ സ്വാഗതവും, സെന്റ് ജോസഫ് എച്ച് എസ്. എസിലെ ഗൗരി ലക്ഷ്മി നന്ദിയും പറഞ്ഞു.
ബാലഭവനിലെ ആഘോഷം
കൊല്ലം: ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച ശിശുദിനാഘോഷവും ബാലഭവൻ വാർഷികവും ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.
മാതാപിതാക്കൾ കുഞ്ഞുങ്ങളെ കെട്ടുപാടുകൾക്കുള്ളിൽ വളർത്താതെ സ്വതന്ത്രമായ ചിന്താഗതിയിലൂടെയും ആശയങ്ങളിലൂടെയും വളരാനുള്ള അവസരമൊരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും നടന്നു.
കുട്ടികളുടെ പ്രധാനമന്ത്രിയായ ശ്രീഹരി സുരേഷ് ചടങ്ങിൽ അധ്യക്ഷനായി. ബാലഭവൻ ചെയർമാൻ ഡോ. കെ. ശ്രീവത്സൻ, ജില്ലാ ശിശു ക്ഷേമസമിതി ചെയർമാൻ അഡ്വ കെ. പി. സജി നാഥ്, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം സനൽ വെള്ളിമൺ, ബാലഭവൻ മാനേജർ എ. മുഹമ്മദ് ഷെറീഫ്, അധ്യാപകൻ വി. സജി കുമാർ തുടങ്ങിയവർ പങ്കെടുത്തു.