പത്തനാപുരം ; കൊല്ലം-ചെങ്കോട്ട പാതയിൽ ആവണീശ്വരത്ത് റേയിൽവേ ഗേറ്റ് ടിപ്പറിടിച്ച് തകർന്നു. ലെവൽ ക്രോസിന്റെ ഭാഗങ്ങൾ റോഡിന് കുറുകെ വീണതിനെ തുടർന്ന് കുന്നിക്കോട്- പത്തനാപുരം പാതയിൽ അഞ്ച് മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.ഇന്നലെ രാവിലെ എട്ടുമണിയോടെയിരുന്നു സംഭവം. ചെന്നൈ-എഗ്മോർ എക്സ്പ്രസ് തീവണ്ടി കടത്തിവിടാൻ റെയിൽവേ ഗേറ്റ് താഴ്ത്തുന്നതിനിടെ പത്തനാപുരം ഭാഗത്തേക്ക് പോയ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ലോറിയുടെ മുകൾ ഭാഗം ഇടിച്ച് ഗേറ്റിന്റെ പോസ്റ്റ് ഒടിഞ്ഞ് വീഴുകയായിരുന്നു.
തുടർന്ന് ട്രെയിൻ അരമണിക്കൂറോളം ലെവൽക്രോസിന് സമീപത്തായി പിടിച്ചിട്ടു.
ഗതാഗതം തടഞ്ഞ ശേഷമാണ് ട്രെയിൻ കടത്തി വിട്ടത്. ഒരുമണിക്കൂറിന് ശേഷം വാഹന ഗതാഗതം പുനസ്ഥാപിച്ചെങ്കിലും തകർന്ന ഗേറ്റ്പോസ്റ്റ് നന്നാക്കാനായി ഉടൻ തന്നെ അടച്ചിടുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ റെയിൽവേ ഗേറ്റിൽ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് ഇതുവഴി വാഹനങ്ങൾ കടത്തി വിട്ടത്. ടിപ്പർ പുനലൂർ ആർ.പി.എഫ് സംഘം കസ്റ്റഡിയിലെടുത്തു.