കൊട്ടാരക്കര: കാർഷിക വിളകൾ നശിപ്പിച്ചത് ചോദ്യം ചെയ്തയാളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെട്ടിക്കവല കരിക്കാമുറ്റം ചിറക്കര വീട്ടിൽ ഗോപകുമാറാണ് (44) കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. വെട്ടിക്കവല കരിക്കാമുറ്റം സ്വദേശി അനൂപിനാണ് വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഗോപകുമാറും അനൂപും തമ്മിൽ വസ്തു സംബന്ധമായി തർക്കങ്ങൾ നിലനിന്നിരുന്നു, ഇതിനിടെ ഗോപകുമാർ അനൂപിന്റെ പുരയിടത്തിൽ നിന്ന കാർഷിക വിളകൾ നശിപ്പിച്ചു. ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ കൊട്ടാരക്കര എസ്.ഐ രാജീവ് ജി.എസ്. ഐ അജയകുമാർ സി.പി.ഒ ഹോചിമിൻ എസ്. ധർമ എന്നിവർ ചേർന്നാണ് പിടികൂടിയത്.