photo
ഹാൻവീവിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ക്ലസ്റ്റർ

കരുനാഗപ്പള്ളി: കൈത്തറി വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കൈത്തറി കളക്ഷൻ സെന്ററുകളിലെ തൊഴിലാളികൾക്ക് ഇൻസെന്റീവ് ലഭിച്ചിട്ട് മൂന്ന് വർഷമാകുന്നു. കരുനാഗപ്പള്ളി സെന്ററിൽ മാത്രം 32 തൊഴിലാളികളാണ് ദുരിതത്തിലായത്. ജില്ലയിലെ മറ്റു സെന്ററുകളായ കൊട്ടിയത്തും വെളിയത്തുമായി അറുപതു തൊഴിലാളികൾക്കും ആനുകൂല്യം മുടങ്ങി.

സെന്ററുകളിൽ രജിസ്റ്റർ ചെയ്തു തൊഴിൽ എടുക്കുന്നവരാണിവർ. മിക്കവർക്കും 75000 രൂപയിലേറെ ഇൻസെന്റീവ് ലഭിക്കാനുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തൊഴിലാളികൾക്ക് വിനയായത്.

അന്യം നിന്നുപോകുന്ന കൈത്തറി വ്യവസായത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഹാൻവീവിന്റെ നേതൃത്വത്തിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് കൈത്തറി തുണികൾ ഉല്പാദിപ്പിച്ച് തുടങ്ങിയത്. നിലവിൽ സ്കൂൾ യൂണിഫോമിനുള്ള തുണികളാണ് ഉല്പാദിപ്പിക്കുന്നത്. ആഴ്ചയിൽ 35 മീറ്റർ തുണി നെയ്യുന്ന ഒരു തൊഴിലാളിക്ക് 1000 രൂപ ഇൻസെന്റീവിന് അർഹത ഉണ്ടായിരിക്കും. നൂല് ഹാൻവീവ് കളക്ഷൻ സെന്ററുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. ഒരോ ആഴ്ചയിലും ഹാവീവിന്റെ ഉദ്യോഗസ്ഥർ കളക്ഷൻ സെന്ററിൽ എത്തി തുണികൾ പരിശോധിച്ച് എടുക്കും. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ മൂന്നു മാസത്തിലൊരിക്കൽ കളക്ഷൻ സെന്ററുകളിൽ എത്തി ഒരോ തൊഴിലാളിയുടെയും കണക്കുകൾ പരിശോധിച്ച് ഇൻസെന്റീവിന് അർഹതയുള്ളവരുടെ ലിസ്റ്റ് കൈത്തറി ഡയറക്ടർക്ക് സമർപ്പിക്കും .കൈത്തറി ഡയറക്ടർ തൊഴിലാളികൾക്ക് നൽകേണ്ട ഇൻസെന്റീവ് തുക ഹാൻവീവിന് കൈമാറും, ഹാൻവീവിലെ ഉദ്യോഗസ്ഥർ ഒരോ തൊഴിലാളിക്കും ലഭിക്കേണ്ട തുക ചെക്കായി നൽകും.

കുടിശ്ശിക തുക ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ഓണം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോഴും കുടിശ്ശിക ഇൻസെന്റീവ് നൽകാൻ കഴിഞ്ഞിട്ടില്ല.

തൊഴിലാളികൾക്ക് നൽകാനുള്ള പണം എത്രയും വേഗം വിതരണം ചെയ്യണമെന്ന് കൈത്തറി തൊഴിലാളി കോൺഗ്രസ് കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറി തുണ്ടിൽ സുധാകരൻ ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുകയാണ്.