market
Market Clipart

കൊല്ലം: അടിസ്ഥാന സൗകര്യങ്ങൾ തകർന്നും അസഹ്യമായ ദുർഗന്ധവും കാരണം പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കൊട്ടിയം ചന്ത ഹൈടെക് ആക്കാൻ 4.02 കോടി രൂപ ചെലവിൽ പദ്ധതി തയ്യാറാകുന്നു.

സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം, ബ്ലൂ റവലൂഷൻ ഫണ്ട്, എൻ.എഫ്.ഡി.സി സഹായം എന്നിവ ഉപയോഗിച്ച് കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ചന്ത ഹൈടെക്ക് ആക്കുന്നത്. നവീകരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കൽ അന്തിമ ഘട്ടത്തിലാണ്. വൈകാതെ കിഫ്ബിയുടെ അനുമതി വാങ്ങി ടെണ്ടറിലേക്ക് കടക്കും.

കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും പകർച്ചവ്യാധികൾ പടർത്തുന്ന അവസ്ഥയിലാണ് നിലവിൽ കൊട്ടിയം ചന്ത. മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതിനാൽ വിറ്റുപോകാത്ത സാധനങ്ങൾ പലരും ചന്തയിൽ തന്നെ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. മലിനജലം ഒഴുകാനുള്ള ചെറിയ ചാലിൽ മാലിന്യം കുന്നുകൂടി കൊതുകും ഈച്ചയും പെറ്റുപെരുകുകയാണ്.

ചന്തയിൽ മീൻകച്ചവടം നടക്കുന്ന കെട്ടിടത്തിന്റെ തൂണുകളും മേൽക്കൂരയും പൊളിഞ്ഞിളകിയിരിക്കുകയാണ്. ഉപഭോക്താക്കളും കച്ചവടക്കാരും ഭയന്നാണ് ഈ കെട്ടിടത്തിലേക്ക് കയറുന്നത്. പരിമിതമായ കച്ചവടക്കാർക്കുള്ള ഇടമേ കെട്ടിടത്തിനുള്ളിലുള്ളു. ശേഷിക്കുന്നവർ പുറത്ത് ടാർപ്പോളിൻ ഷീറ്റ് കൊണ്ട് താത്കാലിക ഷെഡ് കെട്ടിയാണ് കച്ചവടം നടത്തുന്നത്.

 16.5 ലക്ഷം രൂപ ചെലവിൽ ശുചിമുറി

കൊട്ടിയം ചന്തയിൽ 16.5 ലക്ഷം രൂപ ചെലവിൽ ശുചിമുറിയുടെ നിർമ്മാണം ആരംഭിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രാഥമിക ആവശ്യങ്ങൾക്ക് പ്രത്യേകം സൗകര്യമുണ്ടാകും. ചന്തയിലെത്തുന്നവർക്ക് പുറമേെ പുറത്തുള്ളവർക്കും ശുചിമുറി ഉപയോഗിക്കാം. ചന്തയിലെ ശുചിമുറി വെള്ളമില്ലാതെയും കെട്ടിടം തകർന്നും കാലങ്ങളായി അടച്ചിട്ടിരിക്കുന്നത് കേരളകൗമുദി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

'' കൊട്ടിയം ചന്ത ഹൈടെക്ക് ആക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. ചന്തയ്ക്കുള്ളിലെ ശുചിമുറിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. മാർച്ചിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.''

എം. സുഭാഷ് (ആദിച്ചനല്ലൂർ ഗ്രാപഞ്ചായത്ത് പ്രസി‌‌ഡന്റ്)

 4.02 കോടി രൂപയുടെ പദ്ധതി