അഞ്ചാലുംമൂട് : സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി നഗരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടികൾ ശക്തമായതോടെ നഗരാതിർത്തിയായ തൃക്കരുവ ചന്തക്കടവ്, വന്മള ഭാഗങ്ങൾ മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. കുട്ടികളുടെ ഡയപ്പർ, ഭക്ഷണാവശിഷ്ടങ്ങൾ, ഹോട്ടൽ, അറവ് മാലിന്യമുൾപ്പെടെ ഇവിടങ്ങളിൽ കുന്നുകൂടുകയാണ്.
മാലിന്യനിക്ഷേപം രൂക്ഷമായതോടെ തെരുവുനായകൾ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാകുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ജവാൻമുക്ക്, വന്മള ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത് പത്തോളം പേർക്കാണ്. വളർത്തുമൃഗങ്ങളുടെയും ഇരുചക്രവാഹന യാത്രികരുടെയും കണക്കുകൾ വേറെ.
നായകൾ കൂട്ടമായി ആക്രമിക്കുന്നതിനാൽ ചന്തക്കടവ് - വന്മള റോഡിലൂടെ തനിച്ചുള്ള യാത്രയും രാത്രി യാത്രയും ഭീതി ജനിപ്പിക്കുന്നതാണ്. അഞ്ചാലുംമൂട്ടിൽ നിന്ന് കാഞ്ഞാവെളിയിലേക്കുള്ള ദൂരക്കുറവുള്ള പാതയായിട്ടും മിക്കവരും ഒന്നരകിലോമീറ്റർ അധികം സഞ്ചരിച്ച് കാഞ്ഞിരംകുഴി പാതയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പുലർച്ചെയുള്ള പാൽ, പത്രം വിതരണത്തെയും തെരുവുനായകളുടെ ശല്യം ബാധിച്ചിട്ടിട്ടുണ്ട്.
അധികൃതർ ഉണരണം, ഇനിയെങ്കിലും
മാലിന്യം തള്ളൽ രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ അടുത്തിടെ മാലിന്യം ശേഖരിച്ച് വലിയ കുഴിയിൽ അടക്കം ചെയ്തു. തുടർന്ന് അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകുകയും കൂട്ടായ നിരീക്ഷണവും നടത്തിയിരുന്നു. കുറച്ച് ദിവസം മാലിന്യ നിക്ഷേപം കുറഞ്ഞെങ്കിലും ഇപ്പോൾ പൂർവാധികം ശക്തി പ്രാപിച്ചിരിക്കുകയാണ്.
നിരീക്ഷണം നടത്തുക എന്നതിനപ്പുറം മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലത്ത് കാമറ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പ്രാബല്യത്തിലെത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനും തെരുവുനായ ശല്യത്തിന് ശമനമുണ്ടാക്കുന്നതിനും അധികൃതർ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അതേസമയം മൃഗസംരക്ഷണ വകുപ്പ് വന്ധ്യംകരണത്തിനായി പിടികൂടിയ നായകളെ ഈ ഭാഗത്ത് കൊണ്ടുവന്ന് ഇറക്കി വിട്ടതാണ് നായ ശല്യം രൂക്ഷമാകാൻ കാരണമെന്നാണ് തൃക്കരുവ പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം.
മാലിന്യ നിക്ഷേപം തടയാൻ നടപടിയില്ല
ഒരുമാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് പത്തോളം പേർക്ക്
പൊലീസിനും പഞ്ചായത്ത് അധികൃതർക്കും നിസംഗ ഭാവം