കൊല്ലം: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് റെയിൽവേ സ്റ്റേഷനുകൾ, ചന്തകൾ, കമ്മിഷൻ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ രാസപദാർത്ഥമായ ഫോർമലിൻ കലർത്തിയ 168 കിലോ മത്സ്യം പിടിച്ചെടുത്തു. ഇതിന് പുറമെ ദിവസങ്ങൾ പഴക്കമുള്ള ഭക്ഷ്യയോഗ്യമല്ലാത്ത 152 കിലോ മത്സ്യം നശിപ്പിച്ചു.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ മംഗലാപുരം- തിരുവനന്തപുരം എക്സ്‌പ്രസിൽ കൊണ്ടുവന്ന 150 കിലോ നെയ്‌മീനിൽ ഫോർമലിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. സിഫ്റ്റ് സ്പോട്ട് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫോർമലിന്റെ അംശം സ്ഥിരീകരിച്ചത്. ഒപ്പം കൊണ്ടുവന്ന ആവോലി പരിശോധിച്ചെങ്കിലും വിഷാംശം കണ്ടെത്തിയില്ല. ബംഗളൂരു- കൊച്ചുവേളി, താംബരം എക്സ്‌പ്രസുകളിൽ കൊണ്ടുവന്ന മത്സ്യം പരിശോധിച്ചെങ്കിലും ഫോർമലിൻ, അമോണിയ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല.
ഇരവിപുരം മാർക്കറ്റിൽ നിന്നാണ് ദിവസങ്ങൾ പഴക്കമുള്ള 150 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. പള്ളിമുക്ക് മാർക്കറ്റിൽ നിന്ന് ഫോർമലിൻ ചേർത്ത 3 കിലോ നെയ്‌മീൻ പിടിച്ചെടുത്തു. വലിയകട മാർക്കറ്റിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള രണ്ട് കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. അഞ്ചലിലെ സ്വകാര്യ ഫിഷ് സ്റ്റാളിൽ തൂത്തുക്കുടിയിൽ നിന്ന് കൊണ്ടുവന്ന 15 കിലോ കൊഞ്ചിൽ ഫോർമലിന്റെ അംശം കണ്ടെത്തി. ചടയമംഗലം, കൊല്ലം, കരുനാഗപ്പള്ളി, ഇടപ്പള്ളിക്കോട്ട, പുതിയകാവ് എന്നിവിടങ്ങളിൽ നിന്നും മത്സ്യങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദ പിരശോധനയ്ക്ക് ലാബിലേക്കയച്ചു. ഇന്നലെ പുലർച്ചെ രണ്ടിന് ആരംഭിച്ച പരിശോധന വൈകിട്ട് 4.30 നാണ് അവസാനിച്ചത്.
ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ കെ, ശ്രീകല, ഓഫീസർമാരായ സുജിത് പേരേര, ടി.എസ്.വിനോദ് കുമാർ, പി.കണ്ണൻ, എസ് .മാനസ, എസ്.എസ്. അഞ്ചു, എസ്.ആർ റസീമ, ഓഫീസ് അറ്റൻഡർമാരായ ജദീഷ് ചന്ദ്രൻ, മുഹമ്മദ് ഷാ, ബാബുക്കുട്ടൻ, കൊല്ലം കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ ബിജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, രശ്മി, റെയിൽവേ ഫുഡ് സേഫ്റ്റി ഓഫീസർ സന്തോഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷിഹാർ, ഫഷറീസ് വകുപ്പ് ഇൻസ്പെക്ടർമാരായ റീന, ഹരിത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.