ശാസ്താംകോട്ട : പടിഞ്ഞാറെ കല്ലട വലിയപാടം സജുഭവനത്തിൽ ശ്രീദേവി - സാബു ദമ്പതികളുടെ കുട്ടി പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആർ.വൈ.എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം പ്രസവത്തിനായി നവംബർ 11ന് തന്നെ ശ്രീദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി 8.30ന് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ അറിയിച്ചെങ്കിലും എത്താൻ വൈകി. ഇതാണ് കുട്ടി മരിക്കാൻ കാരണമെന്നും
ആർ.വൈ.എഫ് ആരോപിച്ചു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അന്വേഷണ കമ്മിഷനെ ചുമതലപ്പെടുത്തുമെന്നും സൂപ്രണ്ട് ഡോ. തോമസ് ഉറപ്പുനൽകിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്ര കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ, നിയോജക മണ്ഡലം സെക്രട്ടറി സുഭാഷ് എസ്. കല്ലട, ശ്രീകുമാർ വേങ്ങ, സജിമോൻ ഇടവനശേരി, ഷഫീഖ് മൈനാഗപ്പള്ളി, മുഹമ്മദ് കുഞ്ഞ്, ബിജു ജോർജ്ജ്, അശ്വിനികുമാർ, ലത്തീഫ്, ശ്രീദേവിയുടെ മാതാവ് വസന്തകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.