ശംഖ് മുദ്രകൾ പൈതൃക സ്വത്തായി സൂക്ഷിക്കും
കൊല്ലം: കൊല്ലം നഗരത്തെ പ്രമുഖ വ്യാപാര കേന്ദ്രമാക്കിയതിൽ മുഖ്യപങ്ക് വഹിച്ച കല്ലുപാലം പൊളിച്ചു തുടങ്ങി. ദേശീയ ജലപാതയിലൂടെയുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പാലത്തിന്റെ നിർമ്മാണത്തിനായാണ് കല്ലുപാലം പൊളിക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾ ഒന്നരമാസം മുൻപ് ആരംഭിച്ചെങ്കിലും പാലത്തിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന കേബിളുകൾ ബി.എസ്.എൻ.എൽ മാറ്റാത്തതിനെ തുടർന്നാണ് പൊളിച്ചുനീക്കൽ വൈകിയത്.
പാലത്തിന്റെ ഒത്തനടുക്കായി ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്ന തിരുവിതാംകൂർ രാജവംശത്തിന്റെ അധികാര ചിഹ്നമായ ശംഖ് മുദ്രകൾ ഇളക്കിനീക്കി. ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ഓഫീസിൽ താൽക്കാലികമായി സൂക്ഷിച്ചശേഷം സർക്കാരുമായി ആലോചിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. ആശ്രാമം കേന്ദ്രമായി ആരംഭിക്കുന്ന പൈതൃക ഗ്രാമത്തിൽ സൂക്ഷിക്കാൻ ശംഖ് മുദ്രകൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് എം. മുകേഷ് എം.എൽ.എ ഉൾനാടൻ ജലഗതാഗത വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. പാലത്തിന് മുകളിലെ ഭാരം മുഴുവൻ വശങ്ങളിലെ തൂണിൽ കേന്ദ്രീകരിക്കുന്ന ആർച്ച് ആക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. തോടിന്റെ കരയിൽ നിന്നും ചെങ്കല്ലും പാറക്കല്ലും കോർത്ത്കെട്ടിയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഉപരിതലത്തിൽ മണ്ണിട്ട് നിറച്ച ശേഷമാണ് ടാർ ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന ബാർട്ടൻ എന്ന എൻജിനിയറുടെ സഹായത്തോടെയാണ് പാലം നിർമ്മിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു. പൂർണമായും പൊളിച്ചുനീക്കാൻ ഏകദേശം ഒരുമാസമെടുക്കും. 150 വർഷം മുമ്പ് സേതു പാർവതീ ബായി തിരുവിതാംകൂർ റാണിയായിരുന്ന കാലത്താണ് പാർവതി പുത്തനാറിനെയും അഷ്ടമുടിക്കായലിനെയും ബന്ധിപ്പിച്ച് കൊല്ലം തോട് വെട്ടിയത്. പുതിയ തോട് വന്നതോടെ ഇരുവശത്തേയ്‌ക്കുമായി മാറിയ ചാമക്കട മുതൽ ലക്ഷ്മീനട വരെയുള്ള കച്ചവടശാലകളെ ബന്ധിപ്പിക്കാൻ 1880 കളുടെ അവസാനത്തിലാണ് കല്ലുപാലം നിർമ്മിച്ചതെന്ന് ചരിത്രകാരന്മാർ പറയുന്നു. പ്രധാന വ്യാപാരകേന്ദ്രങ്ങളെ വെട്ടിമുറിച്ചുകൊണ്ടാണ് തോട് നിർമ്മിച്ചതെങ്കിലും പിന്നീട് കല്ലുപാലം വന്നതോടെ നഗരത്തിലെ വ്യാപാരം കൂടുതൽ മെച്ചപ്പെട്ടു. ഇപ്പോൾ തകർന്ന നിലയിലുള്ള കൽപ്പടവുകൾ നിർമ്മിച്ചതും പാലത്തിനൊപ്പമായിരുന്നു. ദൂരദേശങ്ങളിൽ നിന്ന് വള്ളങ്ങളിൽ ഇവിടേക്ക് ധാരാളമായി ചരക്ക് കൊണ്ടുവരികയും മറ്റുൽപ്പന്നങ്ങൾ തിരികെ കൊണ്ടുപോകുകയും ചെയ്തിരുന്നു.