കൊട്ടാരക്കര: ദുരിതയാത്രയ്ക്ക് പരിഹാരമായി പുത്തൂർ- കൊട്ടാരക്കര റോഡിൽ ടാറിംഗ് തുടങ്ങി. മഴ പെയ്തില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ കൊട്ടാരക്കര വരെയുള്ള ടാറിംഗ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അവണൂരിനും പാലമുക്കിനും ഇടയിലുള്ള കലുങ്ക് നിർമ്മാണം പൂർത്തിയായെങ്കിൽ മാത്രമേ ഈ ഭാഗത്ത് ടാറിംഗ് നടത്താൻ സാധിക്കൂ.
അതിന് ഇനിയും മൂന്നാഴ്ചയിലധികം വേണ്ടിവരും.
നേരത്തെ തീർത്തും ദുരിതാവസ്ഥയിലായിരുന്നു ഈ റോഡിലൂടെയുള്ള ഗതാഗതം. ടാറിംഗ് ഇളക്കിമാറ്റിയതും കുണ്ടുംകുഴിയുമൊക്കെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മഴവെള്ളം കുഴികളിൽ കെട്ടിനിൽക്കാൻ തുടങ്ങിയതോടെ ഇതിന്റെ കാഠിന്യം ഏറി. അപകടങ്ങളും തുടർക്കഥയായതോടെ "പുത്തൂർ- കൊട്ടാരക്കര റോഡിൽ ദുരിതയാത്ര തുടരുന്നു" എന്ന തലക്കെട്ടിൽ നവംബർ 7ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചും. മുമ്പും പലതവണ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പരിതാപകരമായ അവസ്ഥയും ഇനി ചെയ്യേണ്ട ജോലികളുമൊക്കെ വ്യക്തമാക്കി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. കൊട്ടാരക്കരയിൽ നിന്ന് പുത്തൂർവരെയുള്ള 9 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ ഒരു മണിക്കൂറിൽ അധികം സമയം വേണ്ട അവസ്ഥയിലാണെന്നതും വാർത്തയിൽ സൂചിപ്പിച്ചിരുന്നു.
ടാറിംഗ് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
വകുപ്പ് മന്ത്രി ജി.സുധാകരനും പി.ഐഷാപോറ്റി എം.എൽ.എയും ഈ വിഷയത്തിൽ പലതവണ ബന്ധപ്പെട്ടിട്ടും കാര്യങ്ങൾക്ക് വേഗത കൈവന്നില്ല. മഴയെ പഴിചാരിയാണ് കരാറുകാരൻ ഇത്രനാളും ജോലി നീട്ടിയത്. മണ്ഡലക്കാലം തുടങ്ങും മുമ്പ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന കർശന നിർദ്ദേശം നൽകിയതോടെയാണ് കഴിഞ്ഞ ദിവസം ടാറിംഗ് ജോലികൾ തുടങ്ങിയത്. അവണൂർ മൂതൽ മൂഴിക്കോട് വരെ ടാറിംഗ് പൂർത്തിയായിട്ടുണ്ട്. ഇടവിട്ട് ചിലയിടങ്ങളിൽ ടാറിംഗ് നടത്തിയിട്ടുമുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ടാറിംഗ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ ജോലികൾ. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ശാസ്താംകോട്ട - കൊട്ടാരക്കര- നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 20.80 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
തിരക്കേറും
മണ്ഡലക്കാലം എത്തിയതോടെ റോഡിലെ തിരക്ക് ഇനി കൂടും. ടാറിംഗ് നടക്കുന്ന ഭാഗങ്ങളിൽ റോഡ് ഗതാഗതം നിർത്തിവച്ചിട്ടാണ് ജോലികൾ നടക്കുന്നത്. ഇടറോഡുകളിൽക്കൂടിയാണ് ബസുകൾ ഉൾപ്പടെ കടന്നുപോകുന്നത്. മിനിട്ടുകൾ ഇടവിട്ട് സ്വകാര്യ ബസുകളും ട്രാൻ.ബസുകളും സർവീസ് നടത്തുന്ന റോഡാണ്. മണ്ഡലക്കാലം എത്തുന്നതോടെ യാത്രക്കാരുടെ എണ്ണം രാത്രിയും പകലും കൂടുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.