kapal
കൊല്ലം തുറമുഖത്തെ സൗകര്യങ്ങൾ പരിശോധിക്കാനെത്തിയ മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു

കൊല്ലം: ഡിസംബർ രണ്ടാം വാരം കൊല്ലം തുറമുഖത്ത് കണ്ടെയ്‌നർ കപ്പലുകൾ എത്തുമന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. തുടർച്ചയായി ഇത്തരം കപ്പലുകൾ വരാനുള്ള ശ്രമം നടന്നുവരികയാണ്. ഇതോടെ കൊല്ലം ഏറെ തിരക്കുള്ള തുറമുഖമായി മാറുമെന്നും മന്ത്റി പറഞ്ഞു. സൗകര്യങ്ങൾ പരിശോധിക്കാൻ തുറമുഖത്തെത്തിപ്പോഴാണ് മന്ത്റി ഇക്കാര്യം പറഞ്ഞത്. എസ്.എസ് മാരിടൈം എന്ന കമ്പനിയുടെ കണ്ടെയ്‌നർ കപ്പലുകളാണെത്തുന്നത്. കപ്പൽ അടുക്കാൻ ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ തുറമുഖ വകുപ്പ് ഒരുക്കിക്കൊടുക്കും. ആവശ്യമായ രേഖകളുടെ കാലതാമസം ഇല്ലാതാക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്റി പറഞ്ഞു.

ടൈൽ, സിമന്റ്, വളം, പഞ്ചസാര, എന്നിവയാണ് ആദ്യഘട്ടം തുറമുഖത്തെത്തിക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, തൂത്തുക്കുടി കേന്ദ്രീകരിച്ച് ചരക്ക് നീക്കം നടത്തുന്ന ഈ കമ്പനിക്ക് കൊല്ലം തുറമുഖത്തെ സെൻട്രൽ ഹബ്ബായി ഉപയോഗപ്പെടുത്താനാകും. കൊല്ലത്തെത്തുന്ന ചരക്ക് കപ്പൽ മാർഗം കൊൽക്കത്തയിൽ എത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. വളത്തിന് പത്തനംതിട്ട, തെങ്കാശി, ചെങ്കോട്ട എന്നിവിടങ്ങളിൽ നിന്ന് ഓർഡർ ഉണ്ട്. നഗരത്തിലെ വ്യപാരികളുടെ ആവശ്യത്തിന് അനുസരിച്ച് പഞ്ചസാരയുടെ വിപണനത്തിനും സാദ്ധ്യത കൂടുതലാണ്.

കമ്പനി പ്രതിനിധി മഹാദേവൻ, കേരള മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു, ബോർഡംഗം വി. മണിലാൽ, എം.പി. ഷിബു, എം.കെ. ഉത്തമൻ, സി.ഇ.ഒ കെ.ആർ. വിനോദ്, പോർട്ട് ഓഫീസർ ക്യാപ്ടൻ എബ്രഹാം വി. കുര്യാക്കോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.