kattil
പൊൻമന കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രത്തിലെ വ്യശ്ചിക മഹോൽസവത്തോടനുബന്ധിച്ചുള്ള കൊടിക്കൂറഘോഷയാത്ര വാദ്യമേളങ്ങളോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ

പൊൻമന: ചവറ പൊൻമന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തോടനുബന്ധിച്ചു തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറ ഘോഷയാത്രയായി ഇന്നലെ രാവിലെ ഉണ്ണിക്കൃഷ്ണൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ ചമ്പക്കുളം മുളക്കിയിൽ നിന്ന് അലങ്കരിച്ച രഥത്തിൽ എഴുന്നെള്ളിച്ചു. വിവധ ക്ഷേത്രങ്ങൾ സന്ദർശിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ കൊട്ടാരത്തിൻ കടവിലെത്തി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ചേർന്നു.

നാളെ രാവിലെ 8.30നും 9.20നും ഇടയ്ക്ക് ക്ഷേത്രം തന്ത്രി തുറവുർ ഉണ്ണിക്കൃഷ്ണൻ തന്ത്രികൾ തൃക്കൊടിയേറ്റും. കലശവും കഴിഞ്ഞ് ക്ഷേത്രം തന്ത്രി എല്ലാ കുടിലുകളിലുമെത്തി തീർത്ഥം തളിക്കും. ഇതിനു ശേഷമേ കുടിലുകളിൽ ആഹാരം പാകം ചെയ്യാൻ തീ കത്തിക്കുകയുള്ളു. ക്ഷേത്ര സന്നിധിയിൽ എല്ലാ ദിവസവും പ്രത്യേക അന്നദാനത്തിനുള്ള വിപുലമായ സംവിധാനം ക്ഷേത്ര ഭരണ സമിതി ഒരുക്കിയിട്ടുണ്ട്. ആയിരത്തിലധികം ഭജനക്കുടിലുകൾ ദേവീ മന്ത്രങ്ങളാൽ മുഖരിതമാകുമ്പോൾ തോറ്റംപാട്ടും നിത്യേന നടക്കും. വൃശ്ചികം ഒന്നു മുതൽ 12 വരെയുള്ള രാവും പകലും ഇനി വ്രത ശുദ്ധിയുടെ ദിനങ്ങളാണ്.