ഓച്ചിറ :ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൃശ്ചികോത്സവത്തിന് നാളെ ഭദ്രദീപം തെളിയും. കുടിലുകെട്ടി ഭജനം പാർക്കാൻ നൂറുകണക്കിനാളുകൾ എത്തും. ഇവർക്കുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
നാളെ മൂന്നിന് ചേരുന്ന പൊതുസമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. വി ഭട്ടി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച മൂന്നിന് ചേരുന്ന മതസമ്മേളനം ശ്രീനാരായണ ധർമ്മ സംഘം മുൻ ജനറൽ സെക്രട്ടറി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും, 19ന് മൂന്നിന് ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും 20ന് മൂന്നിന് വ്യവസായ സമ്മേളനം എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉദ്ഘാടനം ചെയ്യും, 21ന് മൂന്നിന് സർവ്വമത സമ്മേളനം കെ. എൻ. എ ഖാദർ എം. എൽ. എ, 22ന് മൂന്നിന് വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്, 23ന് മൂന്നിന് ആരോഗ്യ -പരിസ്ഥിതി സമ്മേളനം കെ. സി. വേണുഗോപാൽ എന്നിവർ ഉദ്ഘാടനം ചെയ്യും.
25ന് മൂന്നിന് കാർഷിക സമ്മേളനം മന്ത്രി അഡ്വ. കെ രാജു, 26ന് മൂന്നിന് വനിതാ സമ്മേളനം അഡ്വ.യു പ്രതിഭ എം. എൽ. എ, 27ന് മൂന്നിന് യുവജന സമ്മേളനം ചീഫ് വിപ്പ് അഡ്വ.കെ രാജൻ എന്നിവർ ഉദ്ഘാടനം ചെയ്യും. 28ന് മൂന്നിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
പന്ത്രണ്ട് ദിവസവും രാപ്പകൽ ഭേദമില്ലാതെ വിവിധ കലാപരിപാടികൾ ക്ഷേത്ര ഓഡിറ്റോറിയത്തിൽ അരങ്ങേറും.
ഉത്സവനഗരിയെ പ്ലാസ്റ്റിക് നിരോധന മേഖലയാക്കുവാനുള്ള ബോധവത്ക്കരണ പ്രവർത്തങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫസർ ശ്രീധരൻ പിള്ള, സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആർ. ഡി പദ്മകുമാർ, ട്രഷറർ എം. ആർ വിമൽഡാനി എന്നിവർ നേതൃത്വം നൽകുന്നു