vein

കൊട്ടാരക്കര: കേരളകൗമുദിയും കൊട്ടാരക്കര മൈലം ഡോ. മുരളീസ് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ 19ന് ഉച്ചയ്ക്ക് 1ന് കൊട്ടാരക്കര വൈദ്യുതിഭവനം കോൺഫറൻസ് ഹാളിൽ നടക്കും. വൈദ്യുതി ഭവനം റിക്രിയേഷൻ ക്ളബ് ലൈബ്രറിയുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഡോ. മുരളീസ് മെഡിക്കൽ സെന്റർ ഡയറക്ടറും പ്രമുഖ ലാപ്പറോസ്കോപ്പിക് സർജനും പ്ളബോളജിസ്റ്റുമായ ഡോ. കൃഷ്ണൻ നമ്പൂതിരി ക്ളാസെടുക്കും. കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ടി.എസ്. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ മേരി ജോൺ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡോ.പി.എൻ. ഗംഗാധരൻ നായർ, കേരളകൗമുദി ലേഖകൻ കോട്ടാത്തല ശ്രീകുമാർ‌, ലൈബ്രറി സെക്രട്ടറി എസ്. ജയകുമാർ, വൈസ് പ്രസിഡന്റ് കെ. സുരേഷ് കുമാർ എന്നിവർ സംസാരിക്കും. വെരിക്കോസ് വെയിനും ചികിത്സാ രീതികളും എന്ന വിഷയത്തിലാണ് ക്ളാസ്. വെരിക്കോസ് വെയിൻ രോഗമുള്ളവർക്ക് ചികിത്സാ രീതികളെപ്പറ്റി അറിയാനും മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനുള്ള ജീവിത ശൈലികളെപ്പറ്റി വ്യക്തമാക്കുന്നതിനും സെമിനാർ ഉപകരിക്കും. സെമിനാറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9447865215, 0474- 2651934 നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.

വെരിക്കോസ് വെയിൻ

നീണ്ടുവീർത്ത് വളഞ്ഞു പുളഞ്ഞു കാണുന്ന ഏത് സിരയെയും വെരിക്കോസ് വെയിൻ എന്ന് വിളിക്കാം. കാലിലെ വെരിക്കോസ് വെയിനിനാണ് കൂടുതൽ ആളുകളും ചികിത്സ തേടുന്നത്. നിൽക്കുമ്പോൾ ശരീരഭാരം മുഴുവൻ താങ്ങുന്നത് കാലുകൾ ആയതിനാലാണ് ഇവിടുത്തെ സിരകൾ വളരെ പെട്ടെന്ന് രോഗബാധിതമാകുന്നത്. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് മാറ്റാവുന്ന രോഗമാണ് വെരിക്കോസ് വെയിൻ അഥവാ സിരാവീക്കം.

ലക്ഷണങ്ങൾ..........

കാലുകളിലെ നിറവ്യത്യാസം

കണങ്കാലിലുണ്ടാകുന്ന കറുപ്പ്

സിരകൾ ഉയർന്ന് നീലനിറമാകുക

തൂക്കിയിടിമ്പോഴും ഇരിക്കുമ്പോഴും കാലുകളിൽ വേദന

തടിച്ച സിരകൾക്ക് സമീപം ചൊറിച്ചിലും അസ്വസ്ഥതകളും

കാലുകൾ കഴപ്പ്, പുകച്ചിൽ, മസിലുപിടിത്തം

ജീവിതശൈലിയും കാരണമാകുന്നു

ജീവിതശൈലിയും പാരമ്പര്യവും വെരിക്കോസ് വെയിന് കാരണമാകുന്നുണ്ട്. അമിത വണ്ണം, വ്യായാമക്കുറവ്, തുടർച്ചയായി ഏറെ സമയം നിൽക്കുകയും നടക്കുകയും ചെയ്യുന്നതും വെരിക്കോസ് വെയിനിന് കാരണമാകുന്നു. സിരകൾ തടിച്ചു വീർത്ത ഭാഗത്തെ ചർമ്മത്തിൽ രൂപപ്പെടുന്ന വ്രണങ്ങളാണ് രോഗം സങ്കീർണ്ണമാക്കുന്നത്. കാലുകളിൽ കൂടുതൽ രക്തം കെട്ടിക്കിടക്കുന്നത് മൂലമാണ് ഇത്തരം വ്രണങ്ങൾ രൂപപ്പെടുന്നത്. ഞരമ്പുകൾ തടിക്കുന്നത് മൂലം അവിടെ രക്തം കട്ടപിടിക്കുകയും ചിലപ്പോൾ പൊട്ടി രക്തം ഒഴുകുകയും ചെയ്യും. എത്ര ഗുരുതരമായ വെരിക്കോസ് വെയിനും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് ഡോ.കൃഷ്ണൻ നമ്പൂതിരി പറയുന്നു.