കൊല്ലം: ഇന്ത്യൻ നൃത്ത പാരമ്പര്യത്തിന്റെ തനിമയും ചാരുതയുമുണർത്തി കൊല്ലത്ത് ത്രിനേത്ര ദേശീയ നൃത്ത, സംഗീതോത്സവത്തിന്റെ ആറാമത് എഡിഷന് നിറപ്പകിട്ടാർന്ന തുടക്കം. ഒഡീസിയുടെ അപൂർവ ലാവണ്യം നിലാവായി പെയ്ത രാത്രിയിൽ പദ്മശ്രീ അരുണാ മൊഹന്തിയുടെ ദ്റുതപദങ്ങളിൽ വിടർന്നത് നർത്തന വിസ്മയത്തിന്റെ മായാമുദ്റകൾ. സോപാനം ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സദസ് ഒഡിസിയുടെ മാസ്മരഭംഗിയിൽ എല്ലാം മറന്നു.
മൂന്ന് ദിവസം നീളുന്ന ത്രിനേത്ര നൃത്ത സംഗീതോത്സവം മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നീലമന സിസ്റ്റേഴ്സ് ആമുഖമൊഴി നൽകിയ ചടങ്ങിന് സേവ് കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഡോ. എൻ.എൻ. മുരളി സ്വാഗതം ആശംസിച്ചു. സേവ് കിഡ്നി ഫൗണ്ടേഷൻ ആവിഷ്‌കരിച്ച കാരുണ്യകിരണം പദ്ധതിയനുസരിച്ച് നൂറ് വൃക്കരോഗികൾക്ക് സൗജന്യ ഡയലൈസറുകൾ നൽകുന്ന ജീവകാരുണ്യ പദ്ധതിക്ക് മന്ത്റി തുടക്കം കുറിച്ചു. ഡോ. പ്രവീൺ നമ്പൂതിരി , എം.എസ്. ഷിബു, നാട്യപ്രിയ ഡാൻസ് അക്കാഡമിയിലെ രാധാലക്ഷ്മി എന്നിവർ സംസാരിച്ചു.
നൃത്തോത്സവത്തിൽ ഇന്ന്
ത്രിനേത്ര ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ രണ്ടാം ദിവസമായ നവംബർ ഇന്ന് സോപാനം ആഡിറ്റോറിയത്തിൽ നന്ദിനി മേത്ത, മുരളി മോഹൻ എന്നിരുടെ കഥക് നൃത്തം അരങ്ങേറും. സമയം: വൈകിട്ട് 6 ന്. പ്രവേശനം സൗജന്യം.