പുനലൂർ: പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ട് ബസുകൾ കൊട്ടാരക്കര ഡിപ്പോയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുനലൂർ എ.ടി ഓഫിസ് മൂന്ന് മണികൂറോളം ഉപരോധിച്ചു.
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജുവും ഡി.ടി.ഒയും ടെലഫോണിലൂടെ നടത്തിയ ചർച്ചയെ തുടർന്ന് ഇന്ന് മുതൽ പുനലൂരിൽ നിന്ന് പമ്പയിലേക്ക് രണ്ട് സർവീസുകൾ നടത്തുമെന്നും ഇത് കൊട്ടാരക്കരയിലേക്ക് മാറ്റില്ലെന്നും അധികൃതർ ഉറപ്പു നൽകി.
പുനലൂർ ഡിപ്പോയിൽ നേരത്തെ അനുവദിച്ച സൂപ്പർ ഫാസ്റ്റ് ബസ് തിങ്കളാഴ്ച സന്ധ്യയോടെ കൊട്ടാരക്കര ഡിപ്പോയിലേക്ക് ഉദ്യോഗസ്ഥർ മാറ്റിയിരുന്നു. ഈ വിവരം അറിഞ്ഞെത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർ അന്നും എ.ടി ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിനിടെയാണ് രണ്ട് ബസുകൾകൂടി കൊട്ടാരക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമം നടന്നത്. ഡി.വൈ.എഫ്.ഐ പുനലൂർ ഏരിയാ സെക്രട്ടറി ശ്യാം, സതേഷ്, ബിൻസൺ, എ.ഐ.വൈ.എഫ് നേതാക്കളായ ശ്യാംരാജ്, രാഹുൽ രാധാകൃഷ്ണൻ, സുബിൻ, വിഷ്ണുലാൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.