കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ശ്മശാനം വേണമെന്ന പ്രദേശവാസികളുടെ ദീർഘനാളായുള്ള സ്വപ്നം യാഥാർത്ഥ്യമാകുന്നു. കേശവപുരത്തുകൂടി കടന്ന് പോകുന്ന ടി.എസ് കനാലിന്റെ സമീപത്ത് നഗരസഭയ്ക്ക് സ്വന്തമായുള്ള സ്ഥലത്താണ് ശ്മശാനം നിർമ്മിക്കുന്നത്. നിർമ്മാണം അവസാന ഘട്ടത്തിലാണ്. സർക്കാരിന്റെ ധനകാര്യ കമ്മിഷൻ അനുവദിച്ച 95 ലക്ഷം ചെലവഴിച്ചാണ് ഗ്യാസ് ക്രിമിറ്റോറിയം ഉൾപ്പടെ നിർമ്മിക്കുന്നത്.
കെട്ടിടത്തിന്റെയും ഗ്യാസ് ഫർണസിന്റെയും നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞു. ഗ്രൗണ്ട് വൃത്തിയാക്കുന്നതും ഇലക്ട്രിക്കൽ ജോലികളും ഉടൻ ആരംഭിക്കും. ശ്മശാനം യാഥാത്യമാകുന്നതോടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് നാട്ടുകാർ വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമാകും. മൂന്ന് സെന്റ് വസ്തുവിൽ വീട് നിർമ്മിച്ച് താമസിക്കുന്നവരായിരുന്നു മൃതദേഹങ്ങൾ സംസ്കരിക്കാനാകാതെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നത്. ഇവർക്ക് ഏറെ ആശ്വാസകരമാണ് പുതിയ ശ്മശാനം.
നിറവേറുന്നത് ദീർഘനാളായുള്ള ആവശ്യം
സുനാമി ദുരന്തത്തിന് ശേഷം ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ നിന്നും 3000 ത്തോളം കുടുംബങ്ങളെയാണ് കരുനാഗപ്പള്ളി, കുലശേഖരപുരം, ക്ലാപ്പന എന്നിവിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചത്.സർക്കാർ നൽകിയ നാല് സെന്റ് ഭൂമിയിൽ സന്നദ്ധ സംഘടനകൾ ഇവർക്ക് വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ഈ വീടുകളിൽ ആരെങ്കിലും മരിച്ചാൽ അടക്കാൻ ഇടമില്ലാത്തതിനാൽ മൃതദേഹം ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ കൊണ്ട് പോയാണ് സംസ്കരിച്ചിരുന്നത്. തുടർന്നാണ് കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ ശ്മശാനം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായത്. ശ്മശാനത്തിന്റെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ നടത്താൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.