fathima-

കൊല്ലം: ആത്മഹത്യയുടെ കാരണത്തെക്കുറിച്ചുള്ള കുറിപ്പുകളടങ്ങിയ ഫാത്തിമ ലത്തീഫിന്റെ മൊബൈൽ ഫോൺ പരിശോധനയ്‌ക്കായി തമിഴ്നാട് ഫോറൻസിക് വിഭാഗത്തിന് കൈമാറി. ലോക്കൽ പൊലീസിന്റെ കസ്റ്റഡിയിലിരുന്ന ഫോൺ ഫാത്തിമയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം കോടതി മുഖേനയാണ് കൈമാറിയത്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അദ്ധ്യാപകൻ സുദർശനൻ പദ്മനാഭനെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞദിവസം അദ്ധ്യാപകനെ മണിക്കൂറുകളോളം ചോദ്യം ചെയ്തെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചില്ലെന്നാണ് സൂചന. കാമ്പസ് വിട്ടുപോകരുതെന്ന് ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സുദർശനൻ പദ്മനാഭന്റെ പേര് പരാമർശിക്കുന്ന ഫോണിലെ കുറിപ്പ്, ആത്മഹത്യയ്‌ക്ക് മുൻപ് ശനിയാഴ്ച പുലർച്ചെ 4.45നാണ് ഫാത്തിമ എഴുതിയത്. അദ്ധ്യാപകനെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശം ഫോൺ ഓണാക്കുമ്പോൾ തന്നെ കാണാവുന്ന തരത്തിൽ സ്ക്രീൻ സേവറായി ഇട്ടിരിക്കുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ ഇതുസംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും ഓഫീസുകളിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ബന്ധപ്പെട്ട് കേസന്വേഷണം ഊർജിതമാക്കാൻ ശ്രമിക്കുന്നുണ്ട്. ഫാത്തിമയുടെ പിതാവ് ലത്തീഫ് തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം എല്ലാ സഹായവും ഉറപ്പ് നൽകിയിരുന്നു. ലത്തീഫും ബന്ധുക്കളും ചെന്നൈയിൽ തങ്ങുകയാണ്.

കാമ്പസിലെ എസ്.പി

സുദർശനൻ പദ്മനാഭൻ ചെന്നൈ ഐ.ഐ.ടി കാമ്പസിൽ 'എസ്. പി" എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് അദ്ധ്യാപകൻ പേടിസ്വപ്നമാണത്രെ. ഇന്റേണൽ അസസ്‌മെന്റിന്റെ പേരിൽ കുട്ടികളെ പീഡിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നാണ് കാമ്പസിലെ സംസാരം.