അഞ്ചൽ: ജനാധിപത്യത്തിന്റെ ശ്രീകോവിലുകളാണ് പാർലമെന്റുകളെന്നും അതിന്റെ പരിപാവനത കാത്തു സൂക്ഷിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രസ്താവിച്ചു. അഞ്ചൽ അബ്ദുൽ കരീം സാഹിബ് ഗ്രന്ഥശാലയുടേയും നെഹ്രു യുവകേന്ദ്രയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ യൂത്ത് പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈബ്രറി പ്രസിഡന്റ് അഞ്ചൽ ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അംബേദ്കർ പുരസ്കാര ജേതാവ് പ്രൊഫ.സാം പനംകുന്നേലിനെ ചടങ്ങിൽ ആദരിച്ചു. നെഹ്രു യുവകേന്ദ്ര ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ നിപുൻ ചന്ദ്രൻ പ്രോഗ്രാം വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.വി. മനോജ്, ലൈബ്രറി കൗൺസിൽ അംഗം എം. സലീം, അഞ്ചൽ ഗവ. വെസ്റ്റ് സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ. ബാബു പണിക്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. സേതുനാഥ്, കെ.ജി. ഹരി തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി എ.ഇ. ഷാഹുൽ ഹമീദ് സ്വാഗതവും എ. സെയിനുല്ലബ്ദ്ദീൻ നന്ദിയും പറഞ്ഞു.