കൊട്ടാരക്കര: "സ്വാമിയേ... ശരണമയ്യപ്പാ..." കൊട്ടാരക്കര ഗണപതി ക്ഷേത്രം ശരണ മന്ത്രങ്ങളാൽ മുഖരിതമായി. ഇനി വ്രതശുദ്ധിയോടെ പതിനായിരക്കണക്കിന് ഭക്തരാണ് ഇവിടേക്ക് ഒഴുകിയെത്തുക. ശബരീശ സന്നിധിയിലെത്തുംമുമ്പ് കൊട്ടാരക്കര ഗണപതിയുടെ അനുഗ്രഹം വാങ്ങി വിഘ്നങ്ങൾ ഒഴിവാക്കണമെന്നാണ് ഭക്തരുടെ വിശ്വാസം. ഇന്നലെ വൈകിട്ടോടെതന്നെ അയ്യപ്പ ഭക്തരുടെ വരവ് തുടങ്ങി. ഇവിടെ നിന്നും കെട്ട് നിറച്ച് ശരണം വിളിയുമായി ശബരീശനെ കാണാൻ നിരവധിപേരാണ് പുറപ്പെട്ടത്. ഇനിയുള്ള രാവും പകലും ക്ഷേത്ര പരിസരം ഭക്തരുടെ ശരണമന്ത്രങ്ങളാൽ ഭക്തി സാന്ദ്രമാകും. ദേവസ്വം ബോർഡിന്റെ കീഴിലുള്ള പ്രധാന ഇടത്താവളമായ ഇവിടെ അയ്യപ്പൻമാർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മുകളുവിള അനിൽകുമാർ അറിയിച്ചു. മുൻവർഷങ്ങളെപ്പോലെ വിപുലമായ ക്രമീകരണമാണ് ഇത്തവണയും ദേവസ്വംബോർഡും ഉപദേശക സമിതിയും ചേർന്ന് ഒരുക്കിയിട്ടുള്ളത്. വിശാലമായ ക്ഷേത്രക്കുളത്തിൽ കുളിച്ച് ശുദ്ധിവരുത്തിയശേഷം ഗണപതിയ്ക്ക് നാളീകേരമുടച്ചാണ് ഭക്തർ ശബരിമലയ്ക്ക് തിരിക്കുന്നത്. അയ്യപ്പൻമാർക്കും പൊതുജനങ്ങൾക്കുമായി അന്നദാന കൗണ്ടർ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തുറക്കും. 41 ദിവസവും രണ്ടുനേരം അന്നദാനം ഉണ്ടാകും. ഉച്ചയ്ക്ക് 12.15നും വൈകിട്ട് 6.30നുമാണ് കഞ്ഞിസദ്യ തുടങ്ങുക. കാർത്തിക വിളക്ക് ഉൾപ്പടെ അഞ്ച് ദിവസങ്ങളിൽ ഉച്ചയ്ക്ക് സദ്യയൊരുക്കുന്നുണ്ട്. അന്നദാനത്തിൽ പങ്കെടുക്കുന്നതിന് സ്വാമിമാർക്ക് ക്യൂ ആവശ്യമില്ല. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നവരും ഗണപതി ക്ഷേത്രത്തിലെത്താറുണ്ട്. ഗണപതിയുടെ ഇഷ്ടനിവേദ്യമായ ഉണ്ണിയപ്പം വാർപ്പിച്ചതുമായി വീടുകളിലേക്ക് മടങ്ങിയെങ്കിലേ ഭക്തമനസ്സുകൾക്ക് തൃപ്തിവരികയുള്ളു.
വാഹന പാർക്കിംഗിനും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പൊലീസിനെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രവും പരിസരവും വൈദ്യുത ദീപാലങ്കാരത്താൽ മനോഹരമാക്കിയിട്ടുമുണ്ട്.