ayyappppan
ശൗചാലയത്തിന് ചുറ്റും മത്സ്യപ്പെട്ടികൾ നിരത്തിയിരിക്കുന്നു.

പത്തനാപുരം: ശബരിമല മണ്ഡലകാലത്തിന് തുടക്കമായതോടെ ഇടത്താവളത്ത് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന ആക്ഷേപം ശക്തമാകുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരടക്കം നിത്യവും ആയിരക്കണക്കിന് പേർ കടന്നു പോകുന്നത് പത്തനാപുരം വഴിയാണ്. ഇക്കുറി തീർത്ഥാടകർക്കായി ഇടത്താവളം ഒരുക്കിയിരിക്കുന്നത് കല്ലുംകടവിൽ മുൻപ് എക്സൈസ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ്. നൂറ് പേർക്ക് വിരി വെയ്ക്കാൻ ഇവിടെ സൗകര്യം ഉണ്ടെങ്കിലും ഭക്തരെ അലട്ടുന്നത് വെള്ളത്തിന്റെയും ശൗചാലയത്തിന്റെയും അഭാവവും മത്സ്യ മാലിന്യത്തിന്റെ ദുർഗന്ധവുമാണ്. ഇടത്താവളത്തിന് ചുറ്റുമായിട്ടാണ് ദിവസവും വെളുപ്പാംകാലം മുതൽ മത്സ്യ ലേലം നടത്തുന്നത് . മത്സ്യ അവശിഷ്ടങ്ങളും മാലിന്യം കലർന്ന ജലവും കെട്ടി നിന്ന് ദുർഗന്ധം വമിക്കുന്നത് മൂലം ഇവിടെ മൂക്ക് പൊത്താതെ നില്ക്കാനാകാത്ത അവസ്ഥയാണെന്ന് തീർത്ഥാടകർ പറയുന്നു.

മണ്ഡലകാലത്തെങ്കിലും കല്ലുംകടവിൽ നിന്ന് മത്സ്യ ലേലവും വ്യാപാരവും ഒഴിവാക്കണം

ബി. ബിജു (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ)

മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരം കാണണം. തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ ശൗചാലയം തുറന്ന് നല്കണം.

അഡ്വ. എം. സാജുഖാൻ (പൊതുപ്രവർത്തകൻ)

ശൗചാലയം വേണം

ഇടത്താവളത്തിനായുള്ള കെട്ടിടത്തിന് സമീപത്തായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ശൗചാലയം ഉണ്ടെങ്കിലും ഇതുവരെ തുറന്ന് നല്കിയിട്ടില്ല. ശൗചാലയത്തിന് ചുറ്റും മീൻ പെട്ടികൾ വെച്ച് മറച്ചിരിക്കുകയാണ് . ഇവിടത്തെ മോട്ടറുകളും പൈപ്പുകളുമെല്ലാം ഉപയോഗശൂന്യമാണ്. ഇവിടെയെത്തുന്നവർ മലമൂത്ര വിസർജനം നടത്തുന്നത് പൊതുസ്ഥലങ്ങളിലാണ്. മണ്ഡലകാലത്ത് തീർത്ഥാടകർ ഇടത്താവളത്തിലേയ്ക്കെത്തുമ്പോൾ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.