navas
കെ.എസ്.ഇ.ബി അധികൃതർ പുതുതായി സ്ഥാപിച്ച സുരക്ഷാവേലി

ശാസ്താംകോട്ട: കോവൂർ കോളനിയിൽ അപകട ഭീഷണിയായി നിന്നിരുന്ന സുരക്ഷാ വേലിയില്ലാത്ത ട്രാൻസ്ഫോർമറിന് കെ.എസ്.ഇ.ബി അധികൃതരെത്തി സുരക്ഷാവേലിയൊരുക്കി. കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധി പേർ നടന്നു പോകുന്ന റോഡിന്റെ ഒരു വശത്ത് അപകടകരമായി നിന്നിരുന്ന സുരക്ഷാ വേലിയില്ലാത്ത ട്രാൻസ്ഫോർമറിനെ കുറിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഒക്ടോബർ 30ന് കേരള കൗമുദിയിൽ വന്നവാർത്ത ശ്രദ്ധയിൽപ്പെട്ട കെ.എസ്.ഇ.ബി തേവലക്കര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയറുടെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സുരക്ഷാ വേലി സ്ഥാപിച്ചത്.

സ്കൂളും അമ്പലവും

സമീപത്തെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ക്ഷേത്രത്തിൽ എത്തുന്നവർക്കും അപകട ഭീഷണിയായിരുന്നു സുരക്ഷാ വേലിയില്ലാത്ത ട്രാൻസ്ഫോർമർ. സ്കൂൾ ഗ്രൗണ്ട് സമീപത്തുള്ളതിനാൽ ഇന്റർവെൽ സമയത്ത് കളിക്കുന്നതിനിടെ കുട്ടികൾ ട്രാൻസ്ഫോർമറിന്റെ അടുത്ത് എത്തുന്നത് പ്രദേശവാസികളിൽ ഭീതിയുണർത്തിയിരുന്നു.