കുണ്ടറ: കല്ലടയാറിന്റെ ഓളപ്പരപ്പിൽ വേഗവിസ്മയം തീർത്ത് ചുണ്ടൻ വള്ളങ്ങൾ, തോർത്ത് വായുവിൽ ചുഴറ്റിയെറിഞ്ഞ് ആവേശ ലഹരിയിൽ കാണികൾ.ആരവങ്ങളും ആർപ്പുവിളികളും തുഴയലുകാർക്ക് കൂടുതൽ ആവേശമായി. ചുണ്ടന്റെ തലയെടുപ്പിനെക്കാൾ ഇരുട്ടുകുത്തിയുടെ ചുറുചുറുക്കും കാണികൾക്ക് ഹരമായി. ചുണ്ടൻ വള്ളങ്ങൾ കുഞ്ഞോളങ്ങളെ കീറിമുറിച്ച് ശരവേഗത്തിൽ പാഞ്ഞപ്പോൾ മുതിരപ്പറമ്പു മുതൽ കാരൂത്രക്കടവ് വരെയുള്ള 1000 മീറ്റർ ദൂരം വിദേശികളും സ്വദേശികളുമടക്കമുള്ള ആയിരക്കണക്കിന് കാഴ്ചക്കാർക്ക് ദൃശ്യവിരുന്നായി. കല്ലടയാറിന്റെ ഇരുകരകളിലും സ്ത്രീകളും കുട്ടികളുമടക്കം നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള വൻ ജനാവലി തടിച്ചുകൂടിയിരുന്നു. അരുനൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കല്ലട ജലോത്സവത്തിനൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗുമായി സംയോജിപ്പിച്ചാണ് ഇപ്പോൾ കല്ലട ജലമേളയാക്കി മാറ്റിയത്. തിരുവോണത്തിനെക്കാൾ പ്രാധാന്യമുണ്ട് മൺറോതുരുത്തിൽ ഇരുപത്തിയെട്ടാം ഓണത്തിന്. തുരുത്തുവിട്ട് ദൂരെ കഴിയുന്നവർ അന്നു ദ്വീപിലേക്ക് തിരിച്ചു വരും. ദ്വീപിൽ എല്ലാവരും ഒരുമിച്ചു കൂടുന്ന ദിവസമായിരുന്നു പ്രശസ്തമായ കല്ലട ജലോത്സവം നടന്നിരുന്നത്. എന്നാൽ ടൂറിസം സീസണിലേക്ക് മാറ്റിയതോടെ വിദേശികളുടെ സാന്നിദ്ധ്യം വളരെ കൂടുതലാണ്. ചാമ്പ്യൻസ് ബോട്ട് ലീഗിനൊപ്പം പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കിയതോടെയാണ് നാട്ടുകാർ ജലമേളയ്ക്ക് മുന്നിട്ടിറങ്ങിയത്. പൊലീസും ഫയർഫോഴ്സുമടക്കം പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.