കൊല്ലം: റാഫേൽ ഇടപാടുകളെ സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയതിനാൽ രാഹുൽ ഗാന്ധിയും കോൺഗ്രസും രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി കൊല്ലം ജില്ലാ കേന്ദ്രത്തിൽ പ്രകടനം നടത്തി. റാഫേൽ ഇടപാടിൽ അഴിമതി നടന്നിട്ടില്ലന്ന് 2018 ഡിസംബർ 14ലെ കോടതി വിധിയുണ്ടായിട്ടും വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയത് വഴി നരേന്ദ്രമോദി സർക്കാർ അഴിമതി രഹിത സർക്കാരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. റാഫേൽ വിഷയത്തിലെ കോടതിയലക്ഷ്യ ഹർജിയിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി താക്കീത് നൽകിയത് കോൺഗ്രസിന് തിരിച്ചടിയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. റാഫേൽ കരാറിൽ യു.പി.എയുടെ കാലത്തെ അപേക്ഷിച്ച് വില കുറച്ചാണ് എൻ ഡി ഇ കരാർ ഉണ്ടാക്കിയതെന്നുള്ള അറ്റോർണി ജനറലിന്റെ വാദം കോടതി അംഗീകരിച്ചതും കോൺഗ്രസിന് ഇരുട്ടടിയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
പ്രകടനം ലിങ്ക്‌റോഡിൽ ആരംഭിച്ച് താലൂക്ക് കച്ചേരി വഴി ചിന്നക്കടയിൽ സമാപിച്ചു. സമാപന യോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി .ഗോപിനാഥ് ഉദ്ഘാടനം ചെയ്തു, ബി.ജെ.പി സംസ്ഥാന ട്രഷറർ എം. എസ് ശ്യാംകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് എന്നിവർ സംസാരിച്ചു. വെറ്റമുക്ക് എ. ജി ശ്രീകുമാർ, ശൈലേന്ദ്രബാബു, വെറ്റമുക്ക് സോമൻ, സുനിൽ കുമാർ, നെടുമ്പന ശിവൻ, പുത്തയം ബിജു, ഉമേഷ് ബാബു, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.