temple

ഓച്ചിറ : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൃശ്ചികോത്സവത്തിന് ഇന്ന് ഭദ്രദീപം തെളിയും. ആലയമില്ലാത്ത ആരാധനാലയമെന്ന് പുകൾപെറ്റ പരബ്രഹ്മക്ഷേത്രത്തിൽ പന്ത്രണ്ട് ദിവസത്തെ ഭജനം പാർക്കലാണ് മുഖ്യ ആചാരം. ഇന്ന് വൈകിട്ട് മൂന്നിന് ചേരുന്ന പൊതുസമ്മേളനത്തിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്‌. വി. ഭട്ടി ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്യും. യോഗത്തിൽ ആർ. രാമചന്ദ്രൻ എം. എൽ എ അദ്ധ്യക്ഷനായിരിക്കും. വിവിധ വിഷയങ്ങളെ അധികരിച്ചു നടക്കുന്ന സമ്മേളനങ്ങളെ കൂടാതെ കഥകളി, ഗാനമേള, നാടൻപാട്ട്, നൃത്തനൃത്യങ്ങൾ, സംഗീതകച്ചേരി, കഥാപ്രസംഗം തുടങ്ങി നിരവധി കലാപരിപാടികൾ വിവിധ ദിവസങ്ങളിലായി ക്ഷേത്ര ഓഡിറ്റോറിയത്തിൽ അരങ്ങേറും. സംസ്ഥാനത്തെ പ്രമുഖ സമിതികൾ മാറ്റുരയ്ക്കുന്ന പ്രൊഫഷണൽ നാടക മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

ഭജനക്കുടിലുകളിൽ ഭക്തജനങ്ങൾ എത്തിത്തുടങ്ങി. ആയിരത്തോളം പർണ്ണശാലകളാണ് പടനിലത്ത് ഒരുക്കിയിരിക്കുന്നത്. പ്രദർശന -വില്പന ശാലകളും വിനോദ -വിജ്ഞാന കേന്ദ്രങ്ങളുമൊക്കെ സജ്ജമായിട്ടുണ്ട് . കച്ചവടസ്ഥാപനങ്ങളിലും തിരക്കേറിത്തുടങ്ങി . ഭക്തജനങ്ങൾക്ക് മതിയായ സുരക്ഷ നൽകുന്നതിനും, സൗകര്യങ്ങൾ ഒരുക്കുന്നതിനും ക്ഷേത്രഭരണസമിതി മേൽനോട്ടം വഹിക്കുന്നു.