thamarakkulam
താമരക്കുളത്തെ കൊല്ലം വികസന അതോറിറ്റിയുടെ സ്ഥലത്ത് മാലിന്യം കുന്നുകൂടിയ നിലയിൽ. കോർപ്പറേഷൻ സെക്രട്ടറി സ്ഥാപിച്ച ബോർഡും കാണാം

കൊല്ലം: നഗരസഭയുടെ ബോ‌‌ർഡിനെ നോക്കുകുത്തിയാക്കി ജനവാസമേഖലയിൽ മാലിന്യനിക്ഷേപം പൊടിപൊടിക്കുന്നു. താമരക്കുളത്തെ സ്വകാര്യ പാഴ്സൽ സർവീസ് ഓഫീസിന് എതിർവശത്തെ കൊല്ലം വികസന അതോറിറ്റിയുടെ സ്ഥലമാണ് ചണ്ടി ഡിപ്പോയാകുന്നത്.

മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇവിടെ വികസന അതോറിറ്റി സെക്രട്ടറിയുടെ മുന്നറിയിപ്പ് രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ചുറ്റുവട്ടത്തായി തന്നെയാണ് പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യം കുമിഞ്ഞുകൂടുന്നതെന്നുള്ളത് അധികൃതരുടെ അനാസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. അറവ് മാലിന്യവും ഹോട്ടൽ മാലിന്യവും കുന്നുകൂടിയതോടെ പ്രദേശത്തെ ജനങ്ങൾ പകർച്ചവ്യാധി ഭീഷണിയിലാണ്. മാലിന്യ നിക്ഷേപകരെ കണ്ടെത്തുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലവാസികളും ചുമട്ടുതൊഴിലാളികളും ചേർന്ന് കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്.