പടി.കല്ലട: ഒരു മത്സരം മാത്രം ബാക്കിനിൽക്കെ ചുണ്ടൻ വള്ളങ്ങളുടെ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) കല്ലടയിൽ നടന്ന പതിനൊന്നാം മത്സരത്തിൽ ട്രിപ്പിൾ ഹാട്രിക്കുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ (റേജിംഗ് റോവേഴ്സ്), എൻ.സി.ഡി.സി കുമരകം തുഴഞ്ഞ ദേവസ് ചുണ്ടൻ (മൈറ്റി ഓർസ്) എന്നിവയെ പരാജയപ്പെടുത്തിയാണ് നടുഭാഗം ചുണ്ടൻ അപൂർവ നേട്ടം സ്വന്തമാക്കിയത്.
3:43.91 മിനിറ്റ് കൊണ്ട് നടുഭാഗം തുഴഞ്ഞെത്തിയപ്പോൾ കാരിച്ചാൽ 3:49:95 മിനിറ്റും ദേവസ് 3:52.00 മിനിറ്റും കൊണ്ട് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു.
കല്ലട ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗും മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിൽ കല്ലട ജലോത്സവത്തിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജലോത്സവം ആരംഭിക്കുന്നത് ഒരു മാസം മുൻപ് തന്നെ സംഘാടക സമിതിയും മറ്റ് പ്രവർത്തനങ്ങളും ആരംഭിക്കുകയും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള കമ്മിറ്റികൾ രൂപീകരിക്കും ചെയ്യണം.
കോവൂർ കുഞ്ഞുമോൻ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ, ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ, റൂറൽ എസ്. പി ഹരിശങ്കർ, മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി. സന്തോഷ്, അരുണാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂലിയറ്റ് നെൽസൻ, കെ. ശോഭന, കിഴക്കേക്കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുന ഷാഹി, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അവസാന മത്സരം നവംബർ 23ന് കൊല്ലത്ത് പ്രസിഡന്റ്സ് ട്രോഫി വള്ളം കളിക്കൊപ്പം നടക്കും. കൊല്ലത്ത് നടക്കുന്ന പന്ത്രണ്ടാമത് മത്സരങ്ങളിലെ ചാമ്പ്യന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.