photo
ഓച്ചിറ ശ്രീനാരായണ മഠത്തിൽ ആരംഭിച്ച ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഉദ്ഘാടനം ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിക്കുന്നു. എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ, യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവർ സമീപം

കരുനാഗപ്പള്ളി: മനുഷ്യത്വമുള്ള സമൂഹമാണ് ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദർശനം വിഭാവനം ചെയ്യുന്നതെന്ന് ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഘർഷ രഹിതമായ ഒരു സമൂഹത്തിന് മാത്രമേ ധർമ്മാചരണങ്ങളിൽ അധിഷ്ഠിതമായ ജീവിതം നയിക്കാനാകൂ. വിദ്വേഷം ഇല്ലാത്ത ശ്രീനാരായണ സമൂഹം ഉണ്ടാകണമെന്നത് ഗുരുദേവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ശിവഗിരിയിൽ 41 ദിവസം നടത്തിയ യജ്ഞത്തിലൂടെ ഗുരുദേവന്റെ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞതായി സ്വാമി പറഞ്ഞു. പൊതു സമ്മേളനം എസ്.എൻ ട്രസ്റ്റ് ബോർ‌ഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർമാരായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ എസ്. സലിംകുമാർ, കള്ളേത്ത് ഗോപി, എല്ലയ്യത്ത് ചന്ദ്രൻ, ക്ലാപ്പന ഷിബു, കുന്നേൽ രാജേന്ദ്രൻ, ബി. കമലൻ, എം. ചന്ദ്രൻ, വനിതാ സംഘം നേതാക്കളായ മണിയമ്മ, മധുകുമാരി, യൂത്ത് മൂവ്മെന്റ് നേതാക്കളായ നീലികുളം സിബു, ടി.ഡി. ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ നന്ദിയും പറഞ്ഞു. തുടർന്ന് ക്ലാപ്പന തെക്ക് 443-ാം നമ്പർ ശാഖയിലെ കുമാരീസംഘം കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്ക്കാരം അവതരിപ്പിച്ചു.