കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ നാം ഓരോത്തരും ഹൃദയങ്ങളിൽ ഏറ്റ് വാങ്ങണമെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ മഠത്തിൽ ശ്രീനാരായണ ധർമ്മ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ. മനസ് ഗുരുവിൽ പൂർണമായി അർപ്പിച്ചാൽ ജീവിത ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും. മനസാണ് നമ്മെ നന്മയുടെ ഭാഗത്ത് നിറുത്തുന്നത്. ശ്രീനാരായണ ഗുരുദേവന്റെ പ്രാർത്ഥന നമുക്ക് ഊന്ന് വടിപോലെയാണെന്നും അവർ വ്യക്തമാക്കി. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സോമരാജൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ എന്നിവർ പ്രസംഗിച്ചു.