latheef

കൊല്ലം: ചെന്നൈ ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് മരിച്ചനിലയിൽ കാണപ്പെട്ടതിന്റെ തലേദിവസം വൈകിട്ട് മാതാവിനെ വിളിച്ചതു മുതൽ ഒരു രാത്രി മുഴുവൻ നീണ്ട ദുരൂഹതയാണ് ചുരുളഴിയാനുള്ളത്.

8ന് വൈകിട്ട് 5.45നാണ് പെൺകുട്ടി മാതാവിനെ വിളിച്ചത്. സന്തോഷത്തോടെ സംസാരിച്ച ഫാത്തിമ പഠനത്തിൽ ശ്രദ്ധിക്കാനായി ഫോൺ ഓഫാക്കുമെന്ന് പറഞ്ഞിരുന്നു. സാധാരണ എട്ട് മണിക്ക് മുമ്പ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന ഫാത്തിമ അന്ന് രാത്രി 9ന് മെസിൽ ഇരുന്ന് കരയുന്നത് കണ്ടതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. രാത്രി 12 മണിക്ക് മുറിയിൽ വിഷമിച്ചിരിക്കുന്നത് കണ്ടതായി ചില സഹപാഠികളും മൊഴി നൽകിയിട്ടുണ്ട്. 9ന് രാവിലെ 11ഓടെയാണ് ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതാണ് അമ്മയെ വിളിച്ച ശേഷം ഉണ്ടായ എന്തോ ദുരനുഭവമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയം ഉയർത്തുന്നത്.

ഐ.ഐ.ടിയിലെ സി.സി ടി.വി ദൃശ്യങ്ങളും ഫാത്തിമയുടെ ഫോണും പരിശോധിച്ചാൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധനാഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കും. ആത്മഹത്യയുടെ കാരണം സൂചിപ്പിക്കുന്ന കുറിപ്പ് ഫാത്തിമ മൊബൈലിൽ സ്ക്രീൻ സേവറായി ഇട്ടിരുന്നു. വിശദവിവരങ്ങൾ സാംസംഗ് നോട്ടിൽ ഉണ്ടെന്നും സുദർശൻ പത്മനാഭൻ എന്ന അദ്ധ്യാപകനെ പ്രതിക്കൂട്ടിലാക്കുന്ന കുറിപ്പിലുണ്ടായിരുന്നു. ഈ അദ്ധ്യാപകൻ ഇന്റണേൽ പരീക്ഷയ്ക്ക് മാർക്ക് കുറച്ചെന്നും തന്നോട് വിവേചനം കാണിക്കാറുണ്ടെന്നും ഫാത്തിമ രക്ഷാകർത്താക്കളോട് പറഞ്ഞിട്ടുണ്ട്. തന്റെ മരണത്തിന് മറ്റ് രണ്ട് അദ്ധ്യാപകരും ചില വിദ്യാർത്ഥികളും കാരണക്കാരണെന്നും ഫാത്തിമയുടെ സാംസംഗ് നോട്ടിലുണ്ട്.

ആരോപണവിധേയരായ അദ്ധ്യാപകരും വിദ്യാർത്ഥികളും കാമ്പസ് വിട്ടുപോകരുതെന്ന് കേന്ദ്ര ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയുടെ നിർദ്ദേശപ്രകാരം വിശദ അന്വേഷണത്തിന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യം ഇന്നലെ ചെന്നൈയിലെത്തി.

അന്വേഷണ സംഘം കേരളത്തിലെത്തും

ഫാത്തിമയുടെ ലാപ്ടോപും ടാബും കസ്റ്റഡിയിലെടുക്കാൻ കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം രണ്ട് ദിവസത്തിനുള്ളിൽ കിളികൊല്ലൂർ രണ്ടാംകുറ്റി കീലോന്തറയിലെ വീട്ടിലെത്തും. വസ്ത്രങ്ങളടങ്ങിയ ബാഗിലാണ് ലാപ്പും ടാബും സൂക്ഷിച്ചിരുന്നത്. മൃതദേഹം ഏറ്റുവാങ്ങാൻ പോയവർ ഇവയും കൊണ്ടുവന്നിരുന്നു. ഫാത്തിമയുടെ അച്ഛൻ അബ്ദുൾ ലത്തീഫ്, അമ്മ സജിത, സഹോദരി ഐഷ എന്നിവരുടെയും മൊഴിയെടുക്കും.

 മെയിൽ അയച്ചത് ഫാത്തിമയല്ല

ഇന്റേണൽ പരീക്ഷ നന്നായി എഴുതിയിട്ടും സുദർശൻ പത്മനാഭൻ ഫാത്തിമയ്‌ക്ക് 20ൽ 13 മാർക്കാണ് നൽകിയത്. സഹപാഠിയായ വിദ്യാർത്ഥിനിയാണ് ഫാത്തിമയ്ക്ക് കൂടുതൽ മാർക്ക് ആവശ്യപ്പെട്ട് മെയിൽ അയച്ചത്. അഞ്ച് മാർക്ക് കൂടുതൽ നൽകിയെന്ന മറുപടിയിൽ നേരിൽ കാണണമെന്ന് സുദർശൻ പത്മനാഭൻ ആവശ്യപ്പെട്ടിരുന്നതായും ഫാത്തിമ രക്ഷാകർത്താക്കളോട് പറഞ്ഞിട്ടുണ്ട്. മെയിൽ അയച്ച സഹപാഠിയെ കണ്ടെത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.

ഇരട്ട സഹോദരിയുടെ ദുഃഖം

മൂന്ന് മിനിട്ടിന്റെ വ്യത്യാസത്തിൽ ചേച്ചി ആയി പിറന്ന ഫാത്തിമ മരണത്തിലേക്ക് മറഞ്ഞതിന്റെ തീരാദുഃഖത്തിലാണ് ഇരട്ടസഹോദരിയായ ഐഷ. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ ഫാത്തിമ വളരെ ദുഃഖിതയായിരുന്നുവെന്ന് ഐഷ പറയുന്നു. ഐ. ഐ.ടിയിലെ മാനസിക പീഡനങ്ങളെ പറ്റി ഫാത്തിമ തന്നോട് ഒന്നും തുറന്നു പറഞ്ഞിരുന്നില്ലെങ്കിലും ചില വിഷമങ്ങൾ ഉള്ളതായി തോന്നിയിരുന്നു. എങ്കിലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. വളരെ അടുക്കും ചിട്ടയുമായാണ് ഫാത്തിമ ജീവിച്ചിരുന്നതെന്നും ഐഷ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം ലാ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയായ ഐഷ, ഇരട്ട സഹോദരിക്ക് നീതി ലഭിക്കും വരെ നിയമ പോരാട്ടം നടത്താനുള്ള തീരുമാനത്തിലാണ്.