കരുനാഗപ്പള്ളി: സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതി പ്രകാരം കൃഷി ശാസ്ത്രജ്ഞരായ ദമ്പതികളെത്തേടി വിദ്യാർത്ഥികളെത്തി. കരുനാഗപ്പള്ളി യു.പി.ജി സ്കൂളിലെ വിദ്യാർത്ഥികളാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന കൃഷി ശാസ്ത്രജ്ഞരായ തഴവ വെങ്ങാട്ടംപള്ളി മഠത്തിൽ ഡോ. രോഹിണി അയ്യരെയും ആർ.ഡി. അയ്യരെയും തേടിയെത്തിയത്. കാഞ്ഞങ്ങാട് സി.പി.സി.ആർ.ഐയിൽ നിന്ന് സയന്റിസ്റ്റുകളായി റിട്ടയർ ചെയ്തതിനു ശേഷം കഴിഞ്ഞ 10 വർഷമായി കാർഷിക ഗവേഷണ പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളുമായി കഴിയുന്ന ദമ്പതികൾ കാർഷിക അറിവുകൾ കുട്ടികളുമായി പങ്കുവെച്ചു. വീടിനോടു ചേർന്ന് തയ്യാറാക്കിയ വിപുലമായ കാർഷിക തോട്ടവും കുട്ടികൾ സന്ദർശിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഡോ. രോഹിണി അയ്യർക്ക് സ്കൂളിലെ ജൈവ ഉദ്യാനത്തിൽ നിന്ന് ശേഖരിച്ച പൂക്കൾ കുട്ടികൾ നൽകി. കരുനാഗപ്പളളി എ.ഇ.ഒ ടി. രാജു പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ദമ്പതികളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹെഡ്മിസ്ട്രസ് ആർ. ശോഭ, എസ്.എം.സി ചെയർപേഴ്സൺ ആർ.കെ. ദീപ, അദ്ധ്യാപകരായ കെ.എൻ. ആനന്ദൻ, സുലു, രാജീവ് തുടങ്ങിയവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.