കൊല്ലം: മുണ്ടയ്ക്കൽ എച്ച് ആൻഡ് സി ജംഗ്ഷൻ - തുമ്പറ മാർക്കറ്റ് റോഡിൽ അഗതിമന്ദിരത്തിന് സമീപം ജലഅതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങി ആഴ്ചകളായിട്ടും നടപടിയെടുക്കുന്നില്ല.
അമൃത് പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലൈൻ ഇടാൻ വേണ്ടി കുഴിയെടുത്തതിന് ശേഷമാണ് ഈ റോഡിന്റെ പലഭാഗത്തും പൈപ്പ് പൊട്ടൽ പതിവായത്. അഗതി മന്ദിരത്തിനോട് ചേർന്ന് ഓടയുടെ പണി നടക്കുന്നതിനാൽ ഓടയിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. പൈപ്പ് ലൈൻ പൊട്ടിയ സ്ഥലത്തിനോട് ചേർന്നാണ് ഈ ഓട. അതുകൊണ്ട് തന്നെ കുടിവെള്ളത്തിൽ മലിനജലം കലരാൻ സാദ്ധ്യതയുണ്ട്.
എത്രയും വേഗം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എ.ജെ. ഡിക്രൂസും ജനറൽ സെക്രട്ടറി എൽ. ബാബുവും ആവശ്യപ്പെട്ടു.