അഞ്ചാലുംമൂട് - കൊല്ലം റോഡിന്റെ ശരാശരി വീതി അഞ്ച് മീറ്റർ
വാഹനപ്പെരുപ്പം താങ്ങാനാവാതെ അഞ്ചാലുംമൂട് - ഹൈസ്‌കൂൾ ജംഗ്‌ഷൻ റോഡ്
കോർപ്പറേഷൻ മേഖലയായിട്ടും ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് സേവനമില്ല
അഞ്ചാലുംമൂട്: അഞ്ചാലുംമൂട്ടിലെ റോഡുകളിലൂടെ കൊല്ലം നഗരത്തിലേക്ക് യാത്ര ചെയ്യുന്ന ഓരോ ഡ്രൈവർമാരും കളരിപ്പയറ്റിന്റെ പതിനെട്ടടവുകളും പഠിച്ചിരിക്കണം. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും ഇത്തരം കളരിമുറകൾ കൂടി ഡ്രൈവിംഗിൽ ഉൾപ്പെടുത്തിയാൽ മാത്രമേ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയൂ എന്നുള്ള തരത്തിലാണ് ഇവിടത്തെ സ്ഥിതി.
ദിവസേന വർദ്ധിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിലും ഇടുങ്ങിയ റോഡുകളാലും നട്ടം തിരിയുകയാണ് അഞ്ചാലുംമൂട് - കൊല്ലം റോഡിലെ യാത്രക്കാർ. ശരാശരി അഞ്ച് മീറ്റർ മാത്രം വീതിയുള്ള റോഡിലൂടെ പ്രതിദിനം സഞ്ചരിക്കുന്നത് നിരവധി വാഹനങ്ങളാണ്. ഇതുമൂലം മുറപോലെയുണ്ടാകുന്ന ഗതാഗതക്കുരുക്കും അപകടപരമ്പരകളും അഞ്ചാലുംമൂട്ടിലെ റോഡുകളിൽ നിത്യകാഴ്ചയായി മാറിയിരിക്കുകയാണ്.
മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗത..
അഞ്ചാലുംമൂട് മുതൽ ഹൈസ്‌കൂൾ ജംഗ്‌ഷൻ വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ അരമണിക്കൂറിലേറെ വേണ്ടിവരുമെന്നുള്ളത് ഈ റോഡിന്റെ യഥാർത്ഥ അവസ്ഥ ബോധ്യപ്പെടുത്തും. രാവിലെയും വൈകിട്ടും യാത്രാസമയം ഇതിലും കൂടും.
അഞ്ചാലുംമൂട് - ഹൈസ്‌കൂൾ ജംഗ്‌ഷൻ റോഡിലൂടെ പ്രതിദിനം അറുന്നൂറ് സ്വകാര്യ- കെ.എസ്.ആർ.ടി.സി സർവീസുകളാണുള്ളത്. ഇവ കൂടാതെ സ്വകാര്യ വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, ടാക്സി - ഓട്ടോ റിക്ഷ, സ്‌കൂൾ വാഹനങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ വാഹനങ്ങൾ തുടങ്ങിയവയുമുണ്ട്.
അഞ്ചാലുംമൂട് മുതൽ ഹൈസ്‌കൂൾ ജംഗ്‌ഷൻ വരെ അഞ്ച് കിലോമീറ്ററിനുള്ളിൽ റോഡരികിൽ പത്ത് ഓട്ടോ സ്റ്റാൻഡുകൾ അത്ര തന്നെ ടാക്സി സ്റ്റാൻഡുകൾ, ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൂന്ന് സ്റ്റാർ ഹോട്ടലുകൾ, നാല് ബാറുകൾ, നാല് ആശുപത്രികൾ, ഇരുനൂറിലധികം വ്യാപാര സ്ഥാപനങ്ങൾ, ചെറുതും വലുതുമായി ഇരുപതോളം ദേവാലയങ്ങൾ എന്നിവയുമുണ്ട്. ഇവിടങ്ങളിൽ എത്തുന്നവരും മടങ്ങിപോകുന്നവരുമായി നിരവധി ആളുകളാണ് യാത്രക്കായി ഈ റോഡ് ഉപയോഗിക്കുന്നത്. വലിയവാഹനങ്ങൾ കടന്നുപോകുകയാണെങ്കിൽ ഇവയ്ക്ക് പിന്നിലായി വരിവരിയായി ഇഴഞ്ഞു നീങ്ങേണ്ട ഗതികേടാണ് മറ്റുവാഹനങ്ങൾക്ക്.
ഇങ്ങനെയൊക്കെ മതിയെന്ന് അധികൃതർ
അതേസമയം പ്രധാന ജംഗ്‌ഷനുകളിൽ പോലും ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരോ ട്രാഫിക് വാർഡൻമാരോ ഇല്ലാത്തത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. താങ്ങാവുന്നതിലധികം യാത്രക്കാരെയും വാഹനങ്ങളെയും ഉൾക്കൊണ്ടിട്ടും റോഡ് വീതികൂട്ടുന്നതിനോ പകരം സംവിധാനങ്ങളൊരുക്കി സുഗമമായ യാത്ര സാധ്യമാക്കുന്നതിനോ വേണ്ട നടപടികൾ സ്വീകരിക്കുവാൻ അധികൃതർ തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇത്തരം പ്രശ്നങ്ങൾ കണ്ടിട്ടും കാണാത്ത മട്ടിലിരിക്കുന്ന അധികൃതരോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയും ഇഴഞ്ഞുനീങ്ങിയും അഞ്ചാലുംമൂട് റോഡിലൂടെ യാത്രചെയ്യാനാണ് ജനങ്ങളുടെ വിധി.