ഓച്ചിറ: സഹജീവികളിൽ ദൈവത്തെ കാണുവാനുള്ള മലയാളികളുടെ സാംസ്കാരിക പ്രബുദ്ധതയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.വി. ഭട്ടി അഭിപ്രായപ്പെട്ടു. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വത്തിലധിഷ്ഠിതമായ സമൂഹത്തെയും ക്ഷേത്രങ്ങളെയുമാണ് കേരളത്തിൽ വ്യാപകമായി കാണുവാൻ കഴിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർ. രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പഞ്ചാപകേശൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കാപെക്സ് ചെയർമാൻ പി.ആർ. വസന്തൻ, ഭരണസമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള, ട്രഷറർ വിമൽ ഡാനി, കെ. ജയമോഹൻ, ഇലമ്പടത്ത് രാധാകൃഷ്ണൻ, ശശിധരൻപിള്ള, ജ്യോതികുമാർ, ഗോപാലകൃഷ്ണപിള്ള, സുകേശൻ, മങ്കുഴി മോഹൻ, എം.വി ശ്യാം, ചേരാവള്ളി പുഷ്പദാസൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭരണസമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ് സ്വാഗതവും വൈസ് പ്രസിഡന്റ് ആർ.ഡി. പദ്മകുമാർ നന്ദിയും പറഞ്ഞു.