കൊല്ലം: ലഹരിമുക്ത നവകേരളമെന്ന ലക്ഷ്യം മാതൃകാപരവും ക്രിയാത്മകവുമായ പ്രവർത്തനങ്ങളിലൂടെ സാക്ഷാത്കരിക്കുമെന്ന് മന്ത്രി കെ. രാജു. വിമുക്തി പദ്ധതിയുടെ 90 ദിന തീവ്രയത്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ കോളേജ് തലത്തിൽ ലഹരി വിരുദ്ധ ക്ലബുകൾ വഴി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. നാഷണൽ സർവീസ് സ്കീം, കുടുംബശ്രീ ,സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കും. സർക്കാർ ഓഫീസുകളിൽ ലഹരി വിരുദ്ധ കമ്മിറ്റി രൂപീകരിക്കും. ജനുവരി 25ന് ഓഫീസുകളിൽ ലഹരി വിരുദ്ധ പരിപാടികളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. എം. നൗഷാദ് എം.എൽ.എ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറും വിമുക്തി മിഷൻ ജോയിന്റ് കൺവീനറുമായ ജേക്കബ് ജോൺ, എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ.ആർ. സുനിൽകുമാർ, എഫ്.സി.ഡി.പി ആൻഡ് ടി.എം.എസ്. ഡയറക്ടർ ഫാ. ജോബി സെബാസ്റ്റ്യൻ, എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. നൗഷാദ്, സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ. രാജു, വിമുക്തി മിഷൻ ജില്ലാ മാനേജർ ഷാജി ജെ. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.