കൊല്ലം: കുടുംബശ്രീ കൂട്ടായ്മകൾ കൂടുതൽ സ്വയംതൊഴിൽ മേഖലകൾ കണ്ടെത്തണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാന സർക്കാരും സഹകരണ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ലഘുവായ്പാ പദ്ധതിയായ മുറ്റത്തെ മുല്ലയുടെ ബാങ്കുതല ഉദ്ഘാടനം പ്രകാശ് കലാകേന്ദ്രം ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
മൈക്രോ ഫിനാൻസ് പലിശക്കുരുക്കിൽ അകപ്പെട്ട സാധാരണ കുടുംബങ്ങളെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് സഹകരണ മേഖല ശ്രമിക്കുന്നത്. ഇതിനായാണ് കുടുംബശ്രീ യൂണിറ്റുകളുടെ ഗ്യാരന്റിയിൽ 20 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കുന്നതിന് പദ്ധതി നടപ്പാക്കുന്നത്.
തൃക്കടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. മോഹൻ ബാബു അദ്ധ്യക്ഷത വഹിച്ചു. മേയർ വി. രാജേന്ദ്രബാബു വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. കെപ്കോ ചെയർപേഴ്സൻ ജെ. ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി.
അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ) പി. മുരളീധരൻ, കുടുംബശ്രീ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ വി.ആർ. അജു, ബാങ്ക് വൈസ് പ്രസിഡന്റ് ശോഭാ ജോസഫ്, സെക്രട്ടറി ഗിറ്റി സുധീർ തുടങ്ങിയവർ പങ്കെടുത്തു.