c
വെരിക്കോസ് വെയിനും ചികിത്സാ രീതികളും

കൊട്ടാരക്കര: കേരള കൗമുദിയും കൊട്ടാരക്കര മൈലം ഡോ. മുരളീസ് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ നാളെ ഉച്ചയ്ക്ക് 1ന് കൊട്ടാരക്കര വൈദ്യുതിഭവനം കോൺഫറൻസ് ഹാളിൽ നടക്കും. വൈദ്യുതി ഭവനം റിക്രിയേഷൻ ക്ളബ് ലൈബ്രറിയുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഡോ. മുരളീസ് മെഡിക്കൽ സെന്റർ ഡയറക്ടറും പ്രമുഖ ലാപ്പറോസ്കോപ്പിക് സർജ്ജനും പ്ളബോളജിസ്റ്റുമായ ഡോ. കൃഷ്ണൻ നമ്പൂതിരി ക്ളാസെടുക്കും. കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ടി.എസ്. സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ മേരി ജോൺ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡോ. പി.എൻ. ഗംഗാധരൻ നായർ, കേരള കൗമുദി ലേഖകൻ കോട്ടാത്തല ശ്രീകുമാർ‌, ലൈബ്രറി സെക്രട്ടറി എസ്. ജയകുമാർ, വൈസ് പ്രസിഡന്റ് കെ. സുരേഷ് കുമാർ എന്നിവർ സംസാരിക്കും. വെരിക്കോസ് വെയിനും ചികിത്സാ രീതികളും എന്ന വിഷയത്തിലാണ് ക്ളാസ്. വെരിക്കോസ് വെയിനുള്ളവർക്കുള്ള ചികിത്സാ രീതികളെപ്പറ്റി അറിയാൻ സെമിനാർ ഉപകരിക്കും. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9447865215, 0474- 2651934 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം.

ഫലപ്രദമായ ചികിത്സാ രീതികൾ

സർജ്ജറി, ലേസർ ചികിത്സ, സ്കീറോ തെറാപ്പി, എൻഡോവെനസ് അബ്ളേഷൻ തെറാപ്പി, എൻഡോസ്കോപ്പിക് വെയിൻ സർജ്ജറി എന്നിവയാണ് നിലവിലുള്ള ഫലപ്രദമായ ചികിത്സകൾ. ജീവിത ശൈലിയിലെ മാറ്റങ്ങളും മറ്റ് മരുന്നുകളും ഫലിക്കാതെ വരുമ്പോഴാണ് ശസ്ത്രക്രിയയുടെ ആവശ്യം ഉണ്ടാകുന്നത്.

ലേസർ ചികിത്സ

ഞരമ്പുകൾ തടിച്ച് വീർത്ത് ദുഷിച്ച രക്തം കെട്ടിക്കിടക്കുന്നത് മൂലം തൊലി മോശമാവുന്ന രോഗമാണ് വെരിക്കോസ് വെയിൻ. രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ ലേസർ ചികിത്സയിലൂടെ ഇത് പൂർണമായും ഭേദമാക്കാം. തകരാറിലായ രക്തക്കുഴലുകളിൽ ദുഷിച്ച രക്തം കെട്ടിക്കിടപ്പുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ രക്തക്കുഴലുകളെ ചുരുക്കിക്കളയേണ്ടതുണ്ട്. ലേസർ ഫൈബർ രോഗമുള്ള സിരകൾക്കുള്ളിൽ കടത്തി നിശ്ചിത ദൂരത്തിൽ വച്ച ശേഷം ലേസർ എനർജി ഉപയോഗിച്ച് സിരകൾ ചൂടാക്കി ചുരുക്കിക്കളയുന്നതാണ് ചികിത്സാരീതി. രോഗബാധിതമായ രക്തക്കുഴലുകൾ ചികിത്സയ്ക്ക് ശേഷം ചുരുങ്ങിപ്പോകും. കഴല ഭാഗം മുതൽ മുട്ടിന് താഴെവരെയുള്ള രക്തക്കുഴലുകളുടെ പ്രധാന ഭാഗമാണ് ഈ ചികിത്സയോടെ ചുരുങ്ങിപ്പോകുന്നത്. ശരീരത്തിനാവശ്യമായ രക്ത ഓട്ടം പ്രധാന രക്തക്കുഴലുകളിൽക്കൂടി നടക്കും. ഞരമ്പുകളിൽ രക്തം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഒഴിവാകുന്നത്. ചികിത്സയ്ക്ക് ശേഷം കാലിലെ രോഗബാധിതമായ തൊലി സുരക്ഷിതമാകുന്നു. വ്രണങ്ങൾ, നീർക്കെട്ട് എന്നിവ മാറുകയും ചെയ്യും.