thirak
കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക്

കൊല്ലം: വൃശ്ചിക പന്ത്രണ്ട് വിളക്ക് പൂജയോടനുബന്ധിച്ച് നാടിന്റെ നാനാദിക്കുകളിൽ നിന്നും വിശ്വാസികൾ ഒഴുകിയെത്തിയതോടെ ചവറ പൊന്മന കാട്ടിൽമേക്കതിൽ ദേവിയുടെ തിരുസന്നിധി ഭക്തജനസാഗരമായി. പന്ത്രണ്ട് വിളക്കിന്റെ പ്രഭയിൽ ഐശ്വര്യ സ്വരൂപിണിയായി വിളങ്ങുന്ന അമ്മയെ ദർശിക്കാൻ നാനാഭാഗങ്ങളിൽ നിന്നും രാപകൽ വ്യത്യാസമില്ലാതെ ഭക്തരുടെ ഒഴുക്ക് തുടരുകയാണ്. ക്ഷേത്ര ശ്രീകോവിലിന് ചുറ്റുമുള്ള മണൽപ്പരപ്പിലെ ആയിരത്തിലേറെയുള്ള കുടിലുകളിൽ കുടുംബസമേതം പാർത്ത് ഭക്തർ ഭജന തുടങ്ങി.

വൃശ്ചികമാസത്തിലെ ആദ്യ 12 ദിനരാത്രങ്ങൾ വ്രതശുദ്ധിയോടെ ഭജനം പാർത്ത് അമ്മയെ സ്തുതിച്ചാൽ ഉദ്ദിഷ്ടകാര്യം സഫലമാകുമെന്നാണ് വിശ്വാസം. ഇന്നലെ രാവിലെ കൊടിയേറ്റും കലശവും കഴിഞ്ഞ് ക്ഷേത്രം തന്ത്രി എല്ലാ കുടികളിലുമെത്തി തീർത്ഥം തളിച്ചു. ഇതിന് ശേഷമേ കുടിലുകൾക്കുള്ളിൽ തന്നെ ആഹാരം പാകം ചെയ്തു. കുടിലുകളിൽ സ്വന്തമായി പാകം ചെയ്യുന്ന ഭക്ഷണത്തിന് പുറമെ ക്ഷേത്രത്തിൽ പ്രത്യേക അന്നദാനവും ഉണ്ട്. കുടിലുകളിൽ നിന്നും ഉയരുന്ന ദേവീമന്ത്രങ്ങളും തോറ്റംപാട്ടായി ഭദ്രകാളീ സ്തുതികളും കൊണ്ട് കാട്ടിൽമേക്കതിൽ മണൽപ്പരപ്പ് ഭക്തിനിർഭരമാണ്.

ശ്രീകോവിലിന് മുന്നിലെ ആൽമരത്തിന് ചുറ്റും ഏഴ് വലംവച്ച് മണികെട്ടി സങ്കടങ്ങൾ അമ്മയുടെ മുന്നിൽ ഇറക്കിവയ്ക്കാനും ഉദ്ദിഷ്ടകാര്യങ്ങൾ അമ്മയോട് പറയാനും ഭക്തരുടെ വൻതിരക്കാണ്. വൃശ്ചികം 11ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന ഏറെ പ്രസിദ്ധമാണ്. 12ന് തിരുമുടി ആറാട്ട് ശ്രീകോവിലിൽ നിന്ന് തുടങ്ങി, നൂറ്റാണ്ടുകൾക്ക് മുമ്പ് കാട്ടിൽ മേക്കതിൽ അമ്മ ഇവിടേക്ക് വരുന്നതിനിടെ തങ്ങിയ മാലയിൽ വീട്ടിൽ പോയ ശേഷം മടങ്ങിയെത്തി ഭജനക്കുടിലുകളിൽ അനുഗ്രഹം ചൊരിയും. ഭക്ത‌ർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം, ശുദ്ധജലം, മെഡിക്കൽ, ഫയർഫോഴ്സ്, പൊലീസ് എന്നിവയുടെ വൻ സംഘവും ക്ഷേത്ര പരിസരത്തുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഇവിടേക്ക് പ്രത്യേക സർവ്വീസ് നടത്തുന്നുണ്ട്.